Thiruvegapuratemple

Idol: Naga
Location : East Pampady Thiruvillwamala
Dist From Gvr :
Upadevas :
Ganapathi, Ayyappa,  Sree Krishna

തിരുവേഗപ്പുറ ക്ഷേത്രമാഹാത്മ്യം

ലോകനാഥനായി, പാര്‍വ്വതീ സമേതനായി, ആശ്രിതാശ്രയനായി പരിലസിക്കുന്ന മഹാദേവനും, ആനന്ദസ്വരൂപനായി ജഗത്തിന് പരമ കല്യാണകാരണനായി പ്രകാശിക്കുന്ന അവതാരവിഷ്ണുവും, ഉഭയാഭിന്ന സിദ്ധാന്തത്തിനെ ദൃഢീകരിക്കാമെന്ന വിധത്തില്‍ മദ്ധ്യത്തില്‍ ശൈവ-വൈഷ്ണവ സംയുക്തരൂപനായി വിളങ്ങുന്ന ശങ്കരനാരായണസ്വാമിയും ചേര്‍ന്ന് മൂര്‍ത്തിത്രയ സമന്വിതമായതും, മൂവായിരത്തിലധികം വര്‍ഷങ്ങളുടെ ഐതിഹ്യത്തോടുകൂടി ഭാസിക്കുന്നതും, പ്രഗല്‍ഭമായ വാസ്തുവിദ്യയുടെ സാക്ഷാത്ക്കാരം എന്ന വിധം വൈശിഷ്ട്യമാര്‍ന്നതും, മഹാക്ഷേത്രോചിതമായ പ്രൌഢിയോടെയും പ്രശാന്തതയോടെയും കുന്തിപ്പുഴയുടെ പുണ്യതീരത്ത് വിരാജിക്കുന്ന തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്രം ആത്മീയ ശാന്തിയെയും ഭക്തര്‍ക്ക് അപരിമേയ സുഖത്തെയും പ്രദാനം ചെയ്തുകൊണ്ടു ശോഭിക്കുന്നു.

ഐതിഹ്യം

പൂരാതനകാലത്ത് അശോകപുരം (ശൊകമില്ലായ്മയുടെ സ്ഥാനം) എന്നായിരുന്നു ഈ നാടിന്റെ നാമം. മൂന്നുഭാഗവും പുണ്യനദികളാല്‍ അലങ്കരിക്കപ്പെട്ട് പ്രകൃതി മനോഹാരിതയുടെ മൂര്‍ത്തരൂപമായി ശാന്തസുന്ദരമായിരുന്നുവത്രെ ഈ ഭൂപ്രദേശം. അക്കാലത്ത് ഈ പുണ്യദേശത്തിലൂടെ സഞ്ചരിയ്ക്കാനിടയായ അതിമാനുഷരും.ക്ഷത്രിയ കലയുള്ളവരുമായ യതിതുല്യരായ ഋഷിമാരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഇവിടത്തെ വിഷ്ണുവിഗ്രഹം എന്നുവേണം അനുമാനിക്കുവാന്‍ ഇതിന് കാരണം ഇവിടെ പ്രാദേശികമായി അനുഭൂതമായ ഉജ്ജ്വലമായ വൈഷ്ണവ ചൈതന്യമാണത്രെ. ആ ചൈതന്യത്തെ ഇന്നു കാണുന്ന ചതുര്‍ബാഹുവായ വിഗ്രഹത്തില്‍ ആവാഹിച്ചു പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു. ഇവിടുത്തെ ഏറ്റവും പഴക്കമുള്ള പ്രതിഷ്ഠയും ഈ മഹാവിഷ്ണുവിന്റേതു തന്നെ. ഇങ്ങനെയാണ് വിഷ്ണുപ്രതിഷ്ഠയെ കുറിച്ച് ജ്ഞാതമായ ഐതിഹ്യം.

ലോകപരിപാലകനായ വിഷ്ണുവിന്റെ വാഹനമായ ശ്രീ ഗരുഡന് പണ്ട് പാലാഴി മഥനത്തിനായി മന്ദരപര്‍വ്വതം വഹിച്ചുകൊണ്ടുവന്നതിനാല്‍ ഉണ്ടായ ക്ഷയരോഗവും, നിരന്തരം സര്‍പ്പങ്ങളെ ഭക്ഷിച്ചതിനാല്‍ സര്‍പ്പകോപം ബാധിച്ച് ആഗതമായ ത്വക്ക്രോഗവും അസഹ്യമായ കായക്ളേശത്തെ പ്രദാനം ചെയ്തപ്പോള്‍, ആ ഖഗരാജന്‍ സ്വപരാധീനതയെ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനോട് ഉണര്‍ത്തിച്ചു. ഖഗാധീശന്റെ ദീനാവസ്ഥ കണ്ട് കരുണാമയനായ ബ്രഹ്മദേവന്‍, രോഗമുക്തിക്കായി ഗയയില്‍ ചെന്ന് അവിടുത്തെ നദിയിലെ ജാന്തര്‍ഭാഗത്ത് ആഴ്ന്നുകിടക്കുന്ന 2 ശിവലിംഗങ്ങളെടുത്ത് അതിലൊന്ന് ആദിത്യപുരത്തും, മറ്റൊന്ന് പുണ്യനദിയായ കുന്തിപ്പുഴയുടെ തീരത്ത് ഉള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കായും പ്രതിഷ്ഠ ചെയ്ത് നദീജലത്താല്‍ അഭിഷേകം നടത്തുവാനും അവിടെ പ്രാര്‍ത്ഥ ചെയ്യുവാനും നിര്‍ദ്ദേശിച്ചു. ഇപ്രകാരമുള്ള ബ്രഹ്മവചനം ശിരസാവഹിച്ച ഗരുഡന്‍ ആ ശിവലിംഗം ആദ്യം കൊണ്ടുവന്നു വെച്ചത് ഈ ക്ഷേത്രത്തിന്റെ തെക്കേ അഗ്രശാലയുടെ വടക്കു ഭാഗത്തുകാണുന്ന കുണ്ഡത്തിന്റെ സ്ഥാനത്താണത്രെ. അതിനാല്‍ ആ കുണ്ഡത്തെ ശ്രീമൂലസ്ഥാനമായി പരിഗണിച്ച് സംരക്ഷ ചെയ്യേണ്ടതാണെന്നാണ് ജ്യോതിഷ പണ്ഡിതന്മാരുടെ മതം അഭിഷേകവും പൂജയും നടത്തിയശേഷം ഗരുഡന്‍ വേഗത്തില്‍ തന്നെ പറന്നുപോയി എന്ന് ഐതിഹ്യം. പിന്നീട് ബഹുമാനസൂചകമായി തിരു എന്നും വേഗം പറന്നതിനാല്‍ വേഗവും ഇങ്ങനെ വേഗവും പുരവും ചേര്‍ന്ന് തിരുവേഗപുരവും പിന്നീട് തിരുവേഗപ്പുറയും ആയി. ഇപ്രകാരം ഗരുഡന്‍ വേഗത്തില്‍ പറന്നപ്പോള്‍ ചിറകഗ്രം തട്ടി ശിവലിംഗത്തിന്റെ പീഠത്തില്‍ വടക്കോട്ട് ചെറിയ ചെരിവ് സംഭവിച്ചു. ആ ചെരിവ് ഇപ്പോഴും സ്പഷ്ടമാണ്. എന്തായാലും ഈ പ്രതിഷ്ഠ നടത്തി മഹാദേവാനുഗ്രഹത്തിന് പാത്രീഭൂതനാകുകവഴി ഗരുഡന്‍ രോഗമുക്തനാകുകതന്നെ ചെയ്തു. അതിനാല്‍ ഇവിടുത്തെ കുന്തിപ്പുഴയുടെ കയത്തില്‍ സ്നാനം ചെയ്ത് പഞ്ചാക്ഷര മന്ത്രത്തോടെ മഹാദേവഭജനം ചെയ്യുന്നത് സര്‍വ്വരോഗ ശാന്തിക്കും പരമൌഷധം തന്നെ എന്നതില്‍ സംശയലേശവും ഇല്ലതന്നെ.

പില്‍ക്കാലത്ത് അദ്വൈത പരമാചാര്യനായ ശ്രീ ശങ്കരാചാര്യസ്വാമികള്‍ തന്റെ ആദ്ധ്യാത്മിക പര്യടനത്തിനിടയില്‍ ഈ വഴി സഞ്ചരിക്കുമ്പോള്‍ ഒരേ അങ്കണത്തില്‍ തന്നെ അഥവാ ഒരേ ക്ഷേത്രത്തിന്റെ മതില്‍ ചുറ്റിനകത്തുതന്നെ വിഷ്ണുവിന്റേയും ശിവന്റേയും കോവിലുകള്‍ കണ്ട് സംതൃപ്തനായി അദ്വൈത സിദ്ധാന്തത്തിന്റെ മൂര്‍ത്തരൂപമായി കല്‍പ്പിച്ച് ശങ്കരനും, നാരായണനം ചേര്‍ന്ന ശങ്കരനാരായണ മൂര്‍ത്തിയെ മദ്ധ്യത്തിലായി പ്രതിഷ്ഠചെയ്തു. അദ്വൈത സിദ്ധാന്തത്തിന്റെ ദൃഢീകരണം എന്നതിലുപരി ഇന്നാട്ടില്‍ അക്കാലത്ത് നിലനിന്നിരുനന സന്താന ദൌര്‍ലഭ്യത്തിന് ഒരു പരിഹാരം കൂടിയായിരുന്നു ഈ പ്രതിഷ്ഠ.

ഈ മൂന്നു ദേവന്മാരെകൂടാതെ നാലമ്പലത്തിന്റെ അകത്തുതന്നെ ശിവന്റെ ശ്രീകോവിലിന് തെക്കായി ഗണപതി, ദക്ഷിണാമൂര്‍ത്തി, നന്ദികേശ്വരന്‍ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ മൂന്ന് ഉപദേവന്മാരേയും ചേര്‍ന്ന് ഒരേ ഭാഗത്താണ് പ്രതിഷ്ഠ ചെയ്തത്. കൂടാതെ വിഷ്ണുവിന്റെ ശ്രീകോവിലിന്റെ മൂലയിലായി നാലമ്പത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിലായി സര്‍പ്പരാജപ്രതിഷ്ഠയും കാണാം. മഹാദേവ പ്രതിഷ്ഠക്കുശേഷം സര്‍പ്പശാപനിവൃത്തിക്കായി ഗരുഡന്‍ തന്നെ ഈ സര്‍പ്പരാജപ്രതിഷ്ഠയും ചെയ്തു വെന്നാണ് ഐതിഹ്യം.

നാലമ്പലത്തിനുപുറത്ത് പ്രദക്ഷിണവരിയുടെ തെക്കുപടിഞ്ഞാറായി പരമശിവന്റെ തന്നെ ധ്യാനഭേദമായ ത്രിപുരാന്തകനേയും (എരിഞ്ഞുപുരാന്തകന്‍) അതിനു തൊട്ട് തെക്കായി ശാസ്താവിനേയും പില്‍ക്കാലത്ത് പ്രതിഷ്ഠിക്കുകയുണ്ടായി. ഈ ക്ഷേത്രത്തിന്റേയും, ഈ നാടിന്റെ തന്നെയും സംരക്ഷകനായാണ് ഈ ത്രിപുരാന്തക സ്വാമി കുടികൊള്ളുന്നത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ കളത്തിലും എരിഞ്ഞുപുരാന്തകന്റെ അദൃശ്യ സാന്നിദ്ധ്യം യഥാസമയം ഉണ്ടെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. പണ്ട് മാപ്പിള ലഹളക്കാലത്ത് (മലബാര്‍ കലാപം) കലാപക്കാര്‍ തൂതപ്പുഴയുടെ അങ്ങേക്കരയില്‍ എത്തിയെങ്കിലും ഈ ത്രിപുരാന്തക സ്വാമിയുടെ മായാവിലാസത്താല്‍ ഇക്കരെ അസംഖ്യം സൈന്യങ്ങള്‍ ആയുധധാരികളായി തയ്യാറായി നില്‍ക്കുന്നതായി ദര്‍ശിച്ച് ഭീതിതരായി മടങ്ങിപ്പോയതായും കേട്ടിട്ടുണ്ട്. ഏതായാലും ഇവിടെ മറ്റു പല ക്ഷേത്രങ്ങളും അക്രമികലുടെ സംഹാരതാണ്ഡവത്തിന് ഇരയായെങ്കിലും ഈ ക്ഷേത്രത്തിന് ആ അവസ്ഥയുണ്ടായില്ല എന്നത് സ്പഷ്ടമാണ്.

ജ്ഞാനപ്പാനകര്‍ത്താവായ ഭക്തകവി പൂന്താനം പന്ത്രണ്ട് വര്‍ഷം ഇവിടെ താമസിച്ച് ത്രിമൂര്‍ത്തികളെയും ഭജിച്ചാണ് വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. എന്നും പറയുന്നു. അക്കാലത്ത് ശ്രീ ഗുരുവായൂരപ്പന്‍ അദ്ദേഹത്തിന് ദര്‍ശനം നല്‍കി (ഇവിടെ) എന്നും അതിന്റെ സൂചനയായിട്ടാണ് തെക്കെ മതിലിന്‍മേലുള്ള ചരുരാകൃതിയിലുള്ള കരിങ്കല്ല്. ഈ അനുസ്മരണയോടെ അവിടെ നോക്കി തൊഴുന്നത് ഗുരുവായൂരിലെ വടക്ക് നടയിലൂടെ കടന്നു തൊഴുന്നതിനു സമാനമാണെന്ന് പഴമക്കാര്‍ പറയുന്നു.

ഇവയെല്ലാം തന്നെ ഈ ക്ഷേത്രത്തിന്റെ അനന്യ സാധാരണതയെയും, മഹത്വത്തേയും സൂചിപ്പിക്കുന്നു.

മൂര്‍ത്തിസങ്കല്പം


ഇവിടത്തെ വടക്കുദേവനായ മഹാവിഷ്ണുവിന് തമദ്ഭുതം ബാലകമംബുജേക്ഷണം.... എന്ന് തുടങ്ങി ശ്രീമദ്ഭാഗവതത്തില്‍ ദേവകീവാസുദേവന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷനായതായി വിവരിക്കുന്ന അവതാരവിഷ്ണുവിന് സദൃശമായ സ്വരൂപമാണ് കല്‍പ്പിച്ചിട്ടുള്ളത്. അതിമനോഹരമായ സുവര്‍ണ്ണ കിരീടം, കുറുനിരകളാല്‍ അലങ്കൃതമായ നെറ്റിത്തടം, താമരയിതള്‍ പോലെയുള്ള നേത്രദ്വന്ത്വങ്ങള്‍, മനോഹരമായ നാസികാ, തൊണ്ടിപ്പഴത്തെ വെല്ലുന്ന ചുണ്ടുകള്‍, കര്‍ണ്ണങ്ങളില്‍ ശോഭിക്കുന്ന രത്നകുണ്ഡലങ്ങള്‍, രത്നകുണ്ഡലങ്ങളെ അഭിഭപിച്ചു ശോഭിക്കുന്ന കവിള്‍ത്തടങ്ങള്‍, ഈ അഭൌമമായ സൌന്ദര്യങ്ങളുടെ സമന്വയമായ തിരുമുഖം. കണ്ഠത്തില്‍ വിരാജിക്കുന്ന വനമാല, അതിനിടയില്‍ പ്രശോഭിക്കുന്ന കൌസ്തുഭരത്നം, കടകസൂത്രങ്ങളെക്കൊണ്ട് അലങ്കൃതങ്ങളായ നാല് തൃക്കൈകളില്‍ ശംഖ-ചക്ര-ഗദാ-പദ്മങ്ങള്‍ വിരാജിക്കുന്നു. ഘനശ്യാമസുന്ദരമായ തിരുവുടല്‍, അരയില്‍ പൊന്‍പീതാംബരപ്പട്ട്, അതിനുമുകളില്‍ അലങ്കൃതമായ കനകക്കിങ്ങിണി, ചെന്താമരയെ വെല്ലുന്ന തൃക്കാലിണകള്‍ പൊന്‍തളകള്‍കൊണ്ട് അലംകൃതമായിരിക്കുന്നു. ഇങ്ങനെ സര്‍വ്വാഭീഷ്ടവരദനായ സാക്ഷാല്‍ അവതാരവിഷ്ണുവത്രെ ഇവിടുത്തെ ഈ ദേവന്‍.

പീതാംബരം കരവിരാജിത ശംഖചക്ര
കൌമോദകി സരസിജം കരുണാസമുദ്രം
രാധാസഹായം അതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമി.

തെക്കേ തേവരായ ഇവിടുത്തെ ശിവന്ഓരേ ലിംഗത്തില്‍ത്തന്നെ മൂന്നു സങ്കല്പങ്ങളാണ പ്രഭാതത്തില്‍ ജ്ഞാനസ്വരൂപനായ ശ്രീദക്ഷിണാമൂര്‍ത്തിയും, മദ്ധ്യാഹ്ന പൂജക്ക് സര്‍വ്വപാപ ധ്വംസകാരണനായും സര്‍വ്വമംഗള ദായകനായും ഉള്ള പരമശിവനും, സായംസന്ധ്യക്ക് ലോകജനനിയായ പാര്‍വ്വതീദേവിയോടും ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരോടും തന്റെ പരിവാരങ്ങളായ ഭൂതഗണങ്ങളോടും ചേര്‍ന്ന് രാജരാജനായി വിരാജിക്കുന്ന മഹാദേവനുമായാണ് സങ്കല്പങ്ങള്‍, ഈ സദാശിവങ്കല്‍ പ്രഭാതകാലത്തും, മദ്ധ്യാഹ്നപൂജക്കും, വൈകുന്നേരം അഭിഷേകം ചെയ്യാറുണ്ട്. വൈകുന്നേരത്തെ ശംഖാഭിഷേകത്തിന് പ്രത്യേകം വൈശിഷ്ട്യമുണ്ട്. ശിവന്റെ ശ്രീകോവിലുന്റെ പിന്‍വശത്തായി പശ്ചിമോന്മുഖമായി സര്‍വ്വമംഗളസ്വരൂപിണിയായ പാര്‍വ്വതീദേവിയുടെ സാന്നിദ്ധ്യമുണ്ട്. അവിടെ ദര്‍ശനം ചെയ്ത ദേവിയെ പ്രാര്‍ത്ഥിക്കുന്നത് സര്‍വ്വമംഗളദായകമത്രെ. ഇവിടുത്തെ മഹാദേവനെ സ്തുതിച്ച് പണ്ഡിതനായ വടക്കേപ്പാട്ട് പുരുഷോത്തമന്‍ നമ്പൂതിരി സമര്‍പ്പിച്ച ശ്ളോകം താഴെ ചേര്‍ക്കുന്നു.

പ്രത്യുപ്താളനര്‍ഘരത്ന പ്രകരവിലസിതേ
രത്ന സിംഹാസനാഗ്രേ സംവിഷ്ഠം ധ്യാനനിഷ്ഠം
ഹിമഗിരതനയാന്വാസിതം ഫാലനേത്രം
തപ്തസ്വര്‍ണ്ണപ്രകാശംധൃതപരശുമൃഗം ബാലശീതാംശു മൌലിം
ഭക്ത്യാശോകാലയേശം സകലമുനിവൃതം
ഭാവയേ നീലകണ്ഠം.

വന്ദനം
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം


അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യ സ്വാമികള്‍ പ്രതിഷ്ഠിച്ച (നടുവില്‍ തേവരായ ശ്രീ ശങ്കരനാരായണ മൂര്‍ത്തി) ഈ വിഗ്രത്തിന്റെ വലത്തുഭാഗം ശൈവമായും ഇടത്തുഭാഗം വൈഷ്ണവമായും പ്രകാശിക്കുന്നു. ഈ ജ്ഞാനമൂര്‍ത്തിയുടെ ശിരസ്സില്‍ വലത്തുവശം മഹാദേവന്റെ ജടയും തിരുനെറ്റിയോടു ചേര്‍ന്ന് ചന്ദ്രക്കലയും, നെറ്റിത്തടത്തില്‍ അര്‍ദ്ധനിമീലിതമായി ശാന്തി നിറഞ്ഞു പ്രകാശിക്കുന്ന നേത്രവും, ആത്മാനന്ദത്താല്‍ പ്രകാശിക്കുന്ന അധരവും, കപാലവും, കണ്ഠത്തില്‍ ഫണമുയര്‍ത്തി വിരാജിക്കുന്ന സര്‍പ്പവും, വലതുഭാഗത്തെ ഹസ്തരദന്ത്യത്തില്‍ പരശുവും കപാലവും അരയില്‍ ആനത്തോലുടയാടയും വലത്തു തൃപ്പാദത്തില്‍ അലംകൃതമായി സര്‍പ്പവും ചേര്‍ന്ന് തികച്ചും ശൈവമായി വിരാജിക്കുന്നു. ഇടത്തുവശമാകട്ടെ അവതാര വിഷ്ണുവിനെ അനുസ്മരിപ്പിക്കും വിധം രത്നഖചിതമായ കിരീടവും, തിരുനെറ്റിയില്‍ മനോഹാരികളായ അളകങ്ങളും, ഗോപിക്കുറിയുടെ പകുതിഭാഗവും, ആനന്ദദായകമായ നേത്രവും, രത്നകുണ്ഡലങ്ങളാല്‍ അലങ്കരിച്ച കര്‍ണ്ണവും, കൌസ്തുഭരത്നാലങ്കൃതമായ മാലയുടെ അര്‍ദ്ധാംശവും, കടകാദികള്‍ അലങ്കരിച്ച കൈകളും, ആ ഹസ്തദ്വന്ത്യത്തില്‍ ശംഖം, ഗദാ എന്നിവയുടെ ശോഭിക്കുന്നു. അരയില്‍ അലങ്കൃതമായ പീതാംബരപ്പട്ടും, ചെന്താമര സദൃശമായ തൃപ്പാദവും, അതില്‍ പൊന്‍തളയും അണിഞ്ഞിരിക്കുന്നു. ഇപ്രകാരം ശൈവവും വൈഷ്ണവവും സമന്വയിച്ച സങ്കല്പത്തിന്റെ മൂര്‍ത്തരൂപമാണ് ഈ ശങ്കരനാരായണ സ്വാമി.
“ഭഗവാന്‍ ഭൂത ഭവ്യേശ
നമാനേ ഹിതമാത്മനഃ
ത്വമേവ സഞ്ചിന്ത്യ വിഭോ
ഹിതംമേ ദാതു മര്‍ഹസി”
ഈ ശങ്കരനാരായമസ്വാമിയെ ഭജിക്കുന്നത് ആത്മസാക്ഷാത്ക്കാരത്തിന നുഗുണമായ അജ്ഞാന നിവൃത്തിക്ക് കാരണമായിത്തീരും.


ക്ഷേത്രത്തിന് യജ്ഞസംസ്ക്കാരവുമായുള്ള ബന്ധം

ഈ ക്ഷേത്രത്തിന്റെ മറ്റൊരു വൈശിഷ്ട്യം എന്തെന്നാല്‍ ഇതിന്റെ ആകൃതി യജ്ഞസംസ്ക്കാരത്തോട് വളരെ ബന്ധപ്പെട്ട് വര്‍ത്തിക്കുന്നതായി കാണുന്നു എന്നതാണ്. ഇവിടുത്തെ ശിവന്റെ ശ്രീകോവിലിന്റെ വൃത്താകൃതി ത്രേതാഗ്നിയിലെ ആ ഹവനീയാഗ്നി കുണ്ഡത്തിന്റെ ആകൃതിയേയും ശങ്കരനാരായണന്റെ ശ്രീകോവിലിന്റെ അര്‍ദ്ധവൃത്താകൃതി ത്രേതാഗ്നിയിലെ ആ ഹവനീയാഗ്നി കുണ്ഡത്തിന്റെ ആകൃതിയേയും ശങ്കരനാരായണന്റെ ശ്രീകോവിലിന്റെ അര്‍ദ്ധവാത്താകൃതി ത്രേതാഗ്നിയിലെ ദാക്ഷിണാഗ്നി (അന്വാഹാര്യം) കുണ്ഡത്തിന്റെ ആകൃതിയേയും വിഷ്ണുവിന്റെ ശ്രീകോവിലിന്റെ ചതുരാകൃതി ത്രേതാഗ്നിയിലെ ഗാര്‍ഹപത്യാഗ്നി കുണ്ഡത്തിന്റെ സ്വരൂപത്തേയും അനുസ്മരിപ്പിക്കുന്നവയാണ്. ശിവന്റെ ശ്രീകോവിലന് വടക്കുവശത്തായി കാണുന്ന കുണ്ഡത്തില്‍ അഷ്ടമി വിളക്കുദിവസം ചെയ്യുന്ന ആജ്യാഹുതി യജ്ഞത്തിലെ പ്രധാനമായ വസോര്‍ദ്ധാരയെ അനുസ്മരിപ്പിക്കുന്നതും ആണ്. ഇതുപോലെ ശിവേലിവഴിയുടെ (പ്രദക്ഷിണ വവി) തെക്കുവശത്തായി, തെക്ക് അഗ്രശാലയുടെ വടക്കായി കാണുന്ന കുണ്ഡം യജ്ഞശാലയില്‍ പിത്യ്രര്‍ത്തമായ ചില ഹവനങ്ങള്‍ നടത്തുന്ന മാര്‍ജ്ജാലീയം എന്ന കുണ്ഡത്തിന്റെ സ്ഥാനമായി അറിവുള്ളവര്‍ പറയുന്നു. അഷ്ടമിവിളക്കിനും, ശിവരാത്രിക്കും ഇവിടെ ചെറിയ ഹവനം പതിവുണ്ട്. യജ്ഞസംസ്ക്കാര കാലഘട്ടത്തിനനന്തരമാണല്ലോ വിഗ്രഹാരാധന സമ്പ്രദായം വന്നത്. ഇതില്‍ താരമത്യേന കൂടുതല്‍ വിശാലസിദ്ധാന്തമായ യജ്ഞസംസ്ക്കാരത്തെ അതിന്റെ വൈദിക പ്രൌഢത നിലനിര്‍ത്തിതന്നെ വാസ്തുവിദ്യക്കടിസ്ഥാനമാക്കി ക്ഷേത്രം രൂപകല്‍പ്പന ചെയ്തതാകാം. ഈ അനന്യ സാധാരണത ഈ ക്ഷേത്രത്തിന്റെ പരമോദാത്തതയേയും ദ്വാപരയുഗംവരെ ഇതിനുണ്ടാകാവുന്ന പഴക്കത്തേയും സൂചിപ്പിക്കുന്നു. ഇതിനാല്‍ ഇവിടെ അഷ്ടമിവിളക്കു ദിവസം നടത്താറുള്ള ഹവനം വസോര്‍ദ്ധാരയെത്തന്നെ സൂചിപ്പിക്കുന്നതായും കരുതാം. തിരുവേപ്പുറ നിവാസികളായ ബ്രാഹ്ണര്‍ക്ക് മറ്റൊരു യജ്ഞം നടത്തിയില്ലെങ്കിലും കര്‍മ്മികളെപ്പോലുള്ള പിരഗണന നല്‍കിയിരുന്നുവത്രെ. അതുകൊണ്ടെല്ലാം തന്നെ ഇവിടെ 3 ദേവന്മാര്‍ക്കും വേദോപാസനക്കും യ.ജ്ഞത്തിന്റെ ഭാഗമായ അന്നദാനത്തിനും വളരെ പ്രാധാനം തന്നെ.


ഈ ക്ഷേത്രത്തിലെ കൂത്തമ്പലം കേരളത്തിലെ തന്നെ കൂത്തമ്പലങ്ങളില്‍ മാതൃകാപരമായ ഒന്നാണ്. അതിബൃഹത്തല്ലെങ്കിലും നാട്യശാസ്ത്രത്തിനും, വാസ്തു വിദ്യക്കും അനുസൃതമായി അതിമനോഹരമയ ശില്‍പചാരുതയോടെ നിര്‍മ്മിതമായ ഒന്നാണ് ഈ കൂത്തമ്പലം. ഇതിലെ നാട്യമണ്ഡപത്തിന്റെ മദ്ധ്യഭാഗത്തായി നടരാജനൃത്തത്തിന് വാദ്യമൊരുക്കുന്ന നന്ദികേശ്വരനെ കുടിവെച്ചിട്ടുണ്ട്. അതിനാല്‍ ഒരു ശ്രീകോവിലിന്റെ പവിത്രത തന്നെ ഇതിനുണ്ട്. ഈ നാട്യമണ്ഡപം കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറില്ല. ഇവിടെ തീരെ പ്രതിദ്ധ്വനിയില്ലെന്നതും ഇതിന്റെയൊരു വൈശിഷ്ട്യമാണ്. നാട്യമണ്ഡപത്തിനു മുകളിലെ കൊത്തുപണികള്‍ എല്ലാം തന്നെ വളരെ പ്രൌഢങ്ങളും പൌരാണികമായ പ്രതീതി ജനിപ്പിക്കുന്നതും ആണ്.

ഈ കൂത്തമ്പലത്തില്‍ ആണ് ക്ഷേത്രത്തിലെ സ്രീമദ്ഭാഗവതസപ്താഹങ്ങള്‍ വര്‍ഷം തോറും കൊണ്ടാടുന്നത്. ഇവിടെ പ്രായേണ നിത്യവും സന്ധ്യക്ക് ഭജന, നാമജപം മുതലായവ പതിവാണ്.

ക്ഷേത്രോത്സവം 8 ദിവസം

മൂന്നു ദേവന്മാരുടേയും നവീകരണകലശം കഴിഞ്ഞ് ഏതാണ്ടൊരു വര്‍ഷത്തിനുശേഷം ധ്വജപ്രതിഷ്ഠയും നടത്തി. കൊല്ലവര്‍ഷം 1061 ല്‍ പ്രതിഷ്ഠാദിനമായ കുംഭമാസത്തില്‍ ഉത്രട്ടാതി ദിനമാണ് മൂന്നു ദേവന്മാര്‍ക്കും ഉത്സവവും ആരംഭിച്ചത് 8 ദിവസം നീണ്ടുനില്‍ക്കുന്നതാണ് എഴുന്നെള്ളിപ്പോടും വാദ്യത്തോടും കൂടി പ്രൌഢമായ ഉത്സവം. ഇവിടുത്തെ നടപ്പുരയില്‍ നടക്കുന്ന മേളത്തിന്റെ ശബ്ദം ഇതിന്റെ നിര്‍മ്മാണ വൈദഗ്ദ്ധ്യം കൊണ്ട് 3 ഇരട്ടിയായി കേള്‍ക്കാം. ആദ്യകാലങ്ങളില്‍ ഇത് കേരളത്തിലെ പ്രഗല്‍ഭ കലാകാരന്മാര്‍ തന്നെ അവസരത്തിനായി കാത്തുനിന്നിരുന്ന വേദിയായിരുന്നു.

മൂന്നു കൊടിമരത്തോടെയുള്ള വേറെ ക്ഷേത്രങ്ങള്‍ ഇല്ലതന്നെ. ഈ മൂന്നു ദിക്കിലും മൂന്നു ദേവന്മാര്‍ക്കും സമപ്രാധാന്യത്തോടെ ശുദ്ധികള്‍, കൊടിയേറ്റം, മുളയിടല്‍, ശ്രീഭൂതബലി, ഉത്സവബലി, ആറാട്ട് എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. എന്നാണ് കേട്ടിട്ടുള്ളത്.

ഉത്സവക്കാലത്ത് എല്ലാവിധ ക്ഷേത്രകലകളും പതിവുണ്ട്. ഇടക്ക് 1982ല്‍ ഇതിന് അല്പകാലം വിഘ്നം സംഭവിച്ചുവെങ്കിലും ഭക്തരുടെ പരിശ്രമത്താല്‍ 1995 മുതല്‍ പുനരാരംഭിച്ചു. 95 ല്‍ ഇപ്പോള്‍ ഉത്സവകകാലത്ത് നിത്യം അന്നദാനവും ഉണ്ട്. പള്ളിവേട്ട ദിവസം വേട്ടകഴിഞ്ഞ് പഞ്ചവാദ്യത്തോടെ എഴുന്നെള്ളിച്ചുള്ള തിരിച്ചുവരവ് വാദ്യഘോഷങ്ങളാല്‍ നാദാനു സാന്ധാനത്തില്‍ എത്തിക്കുന്നു. അവസാന ദിവസം പടിഞ്ഞാറെപ്പുഴയിലെ തീരത്തുചെന്ന് നടത്തുന്ന ആറാട്ടും തിരിച്ചുവരവും ഭക്തജനങ്ങളുടെ ആത്മസമര്‍പ്പണത്തോടെയുള്ള നാമകീര്‍ത്തനങ്ങളാല്‍ സ്വര്‍ഗ്ഗീയാനന്ദത്തെ ത്തന്നെ ഉളവാക്കുന്നു.

ഇപ്പോള്‍ ശിവരാത്രി കഴിഞ്ഞാല്‍ പിന്നെ 8 ദിവസത്തെ ഉത്സവം കഴിയുന്നതുവരെ ക്ഷേത്രോന്തര്‍ഭാഗം ശ്രേഷ്ഠങ്ങളായ താന്ത്രിക കര്‍മ്മങ്ങളെകൊണ്ട് പവിത്രവും പുറത്ത് വിവിധ കലാപരിപാടികളാല്‍ ആനന്ദമയവും ആയിരിക്കും.

മേടമാസം ആദ്യഞായറാഴ്ച

മുതല്‍ താലപ്പൊലിയോടെ 12 ദിവസം കൊടിക്കുന്നുഭഗവതിക്കു കളംപാട്ടും നടന്നുവരുന്നു. ഇതിന് കരിവേലയും ഉണ്ട്. ഇടക്കാലത്ത് നിന്നുപോയെങ്കിലും ഇപ്പോള്‍ പലഭക്തരുടേയും വഴിപാടായി 12 ദിവസം തന്നെ പതിവുണ്ട്. ഇതിനുമുമ്പായി ഇവിടെ നിന്നും നിയോഗിക്കപ്പെട്ടവര്‍ കൊടിക്കുന്നത്തുചെന്ന് ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് ദേവിയുടെ അനുമതി വാങ്ങിയാണ് പാട്ട് കൂറയിടുക. മുന്‍കാലങ്ങളില്‍ കൊടിക്കുന്നിലെ വെളിച്ചപ്പാടു തന്നെയാണ് ഇവിടുത്തെ കോമരം. ഇവിടെ മഹാദേവനെ പിതൃസ്ഥാനത്തുകണ്ട് പ്രദക്ഷിണം വെച്ച് മാത്രമേ നൃത്തം അവസാനിപ്പിക്കുകയുള്ളൂ. പിറ്റേന്നുമുതല്‍ എരിഞ്ഞു പുരാന്തകന്‍ പാട്ടും നടന്നുവരുന്നു. മുന്‍കാലങ്ങളില്‍ ഇടവമാസത്തിലെ ആദ്യത്തെ ശനിയാഴ്ച ചമ്രവട്ടത്തയ്യപ്പന് തീയ്യാട്ടും നടന്നിരുന്നു.

ക്ഷേത്രവ്യാപ്തി

ആദ്യകാലത്ത് രാജപ്രമുഖന്മാരുടെ ഉടമസ്ഥയിലായിരുന്ന ഈ ക്ഷേത്രം പിന്നീട് നിരവധി സ്വത്തുക്കളും കൂടി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കും പിന്നീട് അദ്ദേഹത്തില്‍ നിന്ന് തിരുവേഗപ്പുറയിലെ 11 ബ്രാഹ്മണ കുടുംബങ്ങളിലേക്കും ആയി. അതില്‍ 6 കൂടുംബങ്ങള്‍ അന്ന്യം നിന്നുപോയി. ഇപ്പോള്‍ വാഴകുന്നം, വടക്കേപ്പാട്, പടിഞ്ഞാറപ്പാട്, നരിപ്പറമ്പ്, അഴകപ്പുറ എന്നീ 5കുടുംബക്കാരാണ് ഊരാളന്മാര്‍. ഇവരില്‍ പലരുടേയും നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം, പടിഞ്ഞാറേ ഗോപുരം, കൂത്തമ്പലം എന്നിവ നന്നാക്കലും നടന്നു. ഇവിടുത്തെ ക്ഷേത്രത്തിന് തെക്കു കൂടാതെ പടിഞ്ഞാറേ ഗോപുരത്തിന്റെ രണ്ടു വശങ്ങളില്‍ കൂടി അഗ്രശാലകള്‍ ഉണ്ടായിരുന്നു. പടിഞ്ഞാറേ അഗ്രശാലകള്‍ കേടുപാടുകള്‍ കാരണം പൊളിച്ചു. തെക്കേത് യഥാസമയം വൃത്തിയാക്കാന്‍ സാധിച്ചതിനാല്‍ യഥാപൂര്‍വ്വം നിലനില്‍ക്കുന്നു. എത്രവലിയ കാറ്റിലും കൊളുത്തിയ വിളക്കുകള്‍ കെടാതെ നിലനിന്നിരുന്നുവത്രെ ഇവിടുത്തെ ചുറ്റുവിളക്കുകളില്‍ പടിഞ്ഞാറേ അഗ്രശാല പൊളിച്ചതിനു ശേഷമാണ് ഇതിനു മാറ്റം വന്നത്. പടിഞ്ഞാറു വശത്ത് പുഴയോടു ചേര്‍ന്ന് ക്ഷേത്രകടവിന് കുളപ്പുരയും വൃത്തിയായ വെട്ടുകല്‍ പടവുകളും ഉണ്ടായിരുന്നു. ഇതില്‍ കുളപ്പുര നാശോന്മുഖമായി പൊളിച്ചുമാറ്റി. ഇപ്പോള്‍ 10 വര്‍ഷത്തിനുള്ളില്‍ ഒരു ഭക്തന്റെ വഴിപാടായി കിഴക്കേ ഗോപുരത്തിന് ഒരു നടപ്പുരയും നിര്‍മ്മിതമായി. പഞ്ചപ്രകാരങ്ങള്‍ മുതല്‍ ഒരു മഹാക്ഷേത്രത്തിനുവേണ്ട എല്ലാ വൈശിഷ്ട്യങ്ങളുമടങ്ങുന്ന ഈ ക്ഷേത്രത്തെയാണ് കേരള സര്‍ക്കാര്‍ കേരളീയ ശൈലിയുള്ള ക്ഷേത്രസമുച്ചയത്തിന് ഉത്തമമാതൃകയായി പരിഗണിച്ച് പ്രദര്‍ശിപ്പിച്ചത് എന്നത് വളരെ അബിമാനകരമായ ഒരു വിഷയമാണ്. ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളായി നിരവധി പ്രാദേശിക ക്ഷേത്രങ്ങളും നിരവധി കൃഷിയിടങ്ങളും ഉണ്ടായിരുന്നു. ഇരുപത്തൊന്നായിരത്തോളം പറക്കുള്ള നെല്‍കൃഷി ക്ഷേത്രത്തിന്റെ കീഴില്‍ നടത്തിയിരുന്നുവെങ്കില്‍ ഇവിടെ കാര്‍ഷികവും സാമൂഹികവുമായി ക്ഷേത്രത്തിന്റെ സ്വാധീനം കൂടി ദര്‍ശിക്കാവുന്നതാണ്.


തിരുവേഗപ്പുറ മഹാക്ഷേത്രത്തിലെ താന്ത്രിക വൃത്തി ഇപ്പോള്‍ കാലടി പടിഞ്ഞാറേടത്തെ നമ്പൂതിരിമാരാണ് നിര്‍വ്വഹിച്ചുവരുന്നത്. ആദ്യകാലത്ത് ഈ ഉത്തരവാദിത്വം കിഴക്കേടത്തിനായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യര്‍ ഇവിടുത്തെ വൈശിഷ്ട്യങ്ങള്‍ കണ്ട് കാലടിയില്‍ നിന്നും പടിഞ്ഞാറേടത്തെ കൊണ്ടുവന്ന് താന്ത്രിക കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ചുമതലപ്പെടുത്തുകയും ചെയ്തുവെന്ന് കേട്ടിട്ടുണ്ട്. കിഴക്കേടം അന്യം നിന്നുപോവുകയായിരുന്നുവത്രെ.

കാലടി പടിഞ്ഞാറേടത്തുമനയിലെ താന്ത്രിക കര്‍മ്മങ്ങള്‍ വശമാക്കിയ നമ്പൂതിരിമാര്‍ തിരുവേഗപ്പുറയിലെ 3 ദേവന്മാര്‍ക്കും പൂജകഴിച്ച ശേഷമേ മറ്റൊരിടത്ത് താന്ത്രികര്‍മ്മത്തിനായി പോവുകയുള്ളൂ എന്നത് ഇവിടുത്തെ പ്രാധാന്യത്തേയും, തന്ത്രകുടുംബത്തിലുള്ളവര്‍ക്ക് ഈ ക്ഷേത്രവുമായുള്ള വൈകാരിക ബന്ധത്തേയും സൂചിപ്പിക്കുന്നു.

ഭൂപരിഷ്ക്കരണത്തിനുശേഷം ഈ ക്ഷേത്രത്തിന്റെ വരുമാനമാര്‍ഗ്ഗം ക്ഷയിച്ചതിനാല്‍ പല കാര്യങ്ങളും നാശോന്മുകമായിത്തീര്‍ന്നു. ഈ അവസ്ഥയില്‍ നിന്നും പുനരുജ്ജീവിക്കുക എന്ന മഹത്ലക്ഷ്യത്തോടുകൂടി 1987ല്‍ തിരുവേഗപ്പുറ ശ്രീ മഹാക്ഷേത്ര സേവാസമിതി എന്ന പേരില്‍ പ്രവര്‍ത്തനോന്മുഖരായ കുറച്ച് ഭക്തജനങ്ങളുടെ സംഘം രൂപവല്‍കൃതമായി. ആദ്യം ഒരു ഋഗ്വേദ ലക്ഷാര്‍ച്ചനയോടയാണ് ആരംഭിച്ചത്. അതിനുശേഷം ശിവരാത്രിയാഘോഷം ഭംഗിയായി നടത്താന്‍ തുടങ്ങി. സര്‍ക്കാരില്‍ നിന്ന് ജീര്‍ണ്ണോദ്ധാരണത്തിനായി ലഭിച്ച തുകയും ഭക്തജനങ്ങളുടെ അകമഴിഞ്ഞ സംഭാവനകളും ചേര്‍ത്ത് ക്ഷേത്രകെട്ടിടസമുച്ചയത്തിന്റെ അത്യാവശ്യം അറ്റകുറ്റപ്പണികളും നടത്താന്‍ സാധിച്ചു. ഇത് ഈ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സുസ്ഥിതിക്ക് നിര്‍ണ്ണായക ഘടകമായി 90-91ല്‍ ഉണ്ടായ പ്രശ്നത്തിന്റെ പരിഹാരത്തിനുശേഷം സേവാസമിതിയുടെ പ്രവര്‍ത്തനഫലമായി ഒരിക്കല്‍കൂടി ഋഗ്വേദലക്ഷാര്‍ച്ചന നടക്കുകയുണ്ടായി. അതിനുശേഷം നിന്നുപോയിരുന്ന പല ആചാരാനുഷ്ഠാനങ്ങളും വീണ്ടും തുടങ്ങുവാന്‍ കഴിഞ്ഞു. കര്‍ക്കിടകമാസത്തിലെ ഭഗവതിസേവ, ഗണപതിഹോമം, മേടത്തിലെ കളംപാട്ട് എന്നിവയതില്‍ ചിലതാണ്. ആദ്യം പ്രതിഷ്ഠാദിനവും പിന്നീട് 81 മുതല്‍ നിന്നുപോയ ഉത്സവവും പുനരാരംഭിക്കാന്‍ ഭക്തജനങ്ങളുടേയും, സേവാസമിതി യുടേയും പ്രവര്‍ത്തനം കൊണ്ട് സാധിച്ചു.

1988ല്‍ ക്ഷേത്രത്തിനകത്ത് കിണര്‍ കുഴിക്കുവാന്‍ സാധിച്ചു. ഇന്നാട്ടുകാര്‍ക്കു മുഴുവന്‍ പ്രയോജനകരമാം വിധത്തില്‍ പുറത്തെ ഊട്ടുപുര, നടപ്പുര എന്നിവയുടെ നിര്‍മ്മാണവും നടത്തുവാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം പേരെടുത്തുപറയാന്‍ ഉദ്ദേശിക്കാത്ത ഒരു സമിതിയുടെ നേതൃത്വത്തില്‍ അകത്തെ ശ്രീകോവിലുകളുടെ മേല്‍ക്കൂര ചെമ്പു പലകയടിച്ച് സുരക്ഷിതമാക്കുകയുണ്ടായി. ഇതിന്ശേഷം മൂന്നു ദേവന്മാര്‍ക്കും ദ്രവ്യകലശവും നടന്നു. ഈ സംഘടനയുടെ തന്നെ നേതൃത്ത്വത്തില്‍ ക്ഷേത്രത്തിന്റെ ബൃഹത്തായ വിളക്കുമാടം കേടുതീര്‍ത്ത് പിച്ചളപൊതിയലും നടന്നുവരുന്നു.

ഭക്തജനങ്ങളുടെ സഹകരണത്താലും, സേവാസമിതി പ്രവര്‍ത്തനങ്ങളാലും, ദേവസ്വത്തിന്റെ പ്രയ്തനത്താലും സര്‍വ്വോപരി മഹാദേവന്മാരുടെ അനുഗ്രഹത്താലും ഇപ്പോഴും ക്ഷേത്രത്തിന്റേയും, ക്ഷേത്രസംസ്ക്കാരത്തിന്റെയും, തന്മൂലം തന്നെ ദേശത്തിന്റേയും ഔന്നത്യത്തിനാവശ്യമായ കര്‍ത്തവ്യങ്ങള്‍ നിറവേറിവരുന്നു.

ഇന്നാട്ടുകാരായി ജനിച്ച് തിരുവേഗപ്പുറ ദേവന്മാരുടെ അനുഗ്രഹത്തിന് പാത്രീഭൂതരായി ഭക്തിയുടേയും, പാണ്ഡിത്യത്തിന്റേയും, കലകളുടേയും ഔന്നത്യത്തെ പ്രാപിച്ച വളരെ പേരുണ്ട്.

പണ്ഡിതാഗ്രേസരനായ ഉദ്ദണ്ഡശാസ്ത്രികളെ വാക്യാര്‍ത്ഥ സദസ്സില്‍ ജയിച്ച് സാമൂതിരി രാജാവിങ്കല്‍ നിന്നും പാരിതോഷികം നേടിയ കാക്കശ്ശേരി ഭട്ടതിരി ഇന്നാട്ടുകാരനായിരുന്നു. ഈ തിരുവേഗപ്പുറ ക്ഷേത്രത്തില്‍ ഭജനമിരുന്ന് നെയ്യ് സേവിച്ചാണത്രെ ഭട്ടതിരിപ്പാടിന്റെ മാതാവിന് അദ്ദേഹത്തെ ലഭിച്ചത്. അദ്ദേഹത്തിന്റെ വസുമതീമാനവേദം എന്ന നാടകത്തില്‍ ചേര്‍ത്തിരിക്കുന്ന മംഗളത്തില്‍ ഇവിടുത്തെ ദേവന്മാരേയാണ് സ്തുതിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവും ഇന്നാട്ടുകാരനായ വല്ലീഗൃഹത്തില്‍ (വല്ലില്ലം) നാരായണശര്‍മ്മനായിരുന്നുവത്രെ.

ദ്വാത്രിംശദ്യോഗം (32-ാം വയസ്സില്‍ മൃത്യുയോഗം) ഉണ്ടായിട്ടും ഇവിടുത്തെ ത്രിമൂര്‍ത്തികളെ ഭജിച്ച് ആ യോഗത്തെ മറികടന്ന് 90ല്‍ അധികം വയസ്സുവരെ ജീവിച്ച പണ്ഝിതനായ വടക്കേപ്പാട്ട് അപ്പന്‍ നമ്പൂതിരി എന്ന പുരുഷോത്തമന്‍ നമ്പൂതിരിയും, 1062ല്‍ ഇവിടെ ക്ഷേത്രോദ്ധാരണത്തിനും ഉത്സവക്രമം കൊണ്ടുവരുന്നതിനും മുന്‍കൈയ്യെടുത്ത തച്ചുശാസ്ത്രവിദഗ്ദ്ധനായ നരിപ്പറമ്പു വാസുദേവന്‍ നമ്പൂതിരിയും, ഗോപുരം, കൂത്തമ്പലം എന്നിവ പണികഴിപ്പിച്ച തച്ചുശാസ്ത്ര വിദഗ്ദ്ധനായ പടിഞ്ഞാറേപ്പാട് അഷ്ടമൂര്‍ത്തി നമ്പൂതിരിയും ഇവിടുത്തെ ഭക്തരില്‍ ചിലരാണ്.

Address:
Sree Thiruvegappura Devaswom
Thiruvegappura PO,Palakkad District
PIN : 679304

Phone :  0466 - 2218019

Cell :  

Email :   This e-mail address is being protected from spambots. You need JavaScript enabled to view it

Websitewww.thiruvegappuratemple.com

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Piligrim Temples in Kerala Thiruvegapuratemple