അര്‍ബുദം മാറ്റാന്‍ അത്ഭുത സസ്യങ്ങളോ?

lakshmiലക്ഷ്മി തരു, മുള്ളാത്ത. ഈ രണ്ട് സസ്യങ്ങള്‍ക്കും പണ്ടില്ലാത്ത പ്രശസ്തിയാണിപ്പോള്‍. ക്യാന്‍സര്‍ അഥവാ അര്‍ബുദം മാറ്റാന്‍ ഇവക്ക് അത്ഭുത സിദ്ധിയുണ്ടെന്നാണ് പ്രചാരണം. രോഗം മാറിയ കഥകളും ചികില്‍സയുടെ അവകാശവാദങ്ങളും നില്‍ക്കട്ടെ. ആദ്യം ഈ സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.ലക്ഷ്മി തരു. പാരഡൈസ് ട്രീ അഥവാ സ്വര്‍ഗത്തിലെ മരം എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം സിമാ റൂബ ഗ്ലാവുക്ക. തൊലിയും ഇലയും പണ്ടു മുതലേ തെക്കേ അമേരിക്കന്‍ നാട്ടുവൈദ്യത്തിന്‍റെ ഭാഗം. അതിസാരവും മലേറിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികില്‍സിക്കാന്‍ ഇതുപയോഗിച്ചിരുന്നു.തൃശൂര്‍ ജില്ലയിലെ അഞ്ചേരി. ലക്ഷ്മി തരുവിനെയും മുള്ളാത്തയെയും ക്യാന്‍സറിനെതിരായ ആയുധങ്ങളായി കേരളത്തില്‍ ഹിറ്റാക്കിയത് ഈ നാടാണ്. സെബി വല്ലച്ചിറക്കാരന്‍ എന്ന യുവാവാണ് അഞ്ചേരി സസ്യങ്ങളുടെ പ്രചാരണത്തിന് പിന്നില്‍. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടിയതിനെത്തുടര്‍ന്നാണ് സെബി ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. സെബിയുടെ നേതൃത്വത്തില്‍ അഞ്ചേരിയില്‍ കാന്‍സര്‍ സൌഹൃദ കൂട്ടായ്മ രൂപം കൊണ്ടു. 75 പേരുള്ള പള്‍സ് എന്ന സംഘടനയിലൂടെ ആരോഗ്യ ബോധവല്‍ക്കരണവും ചികില്‍സാ സഹായവും സംഘടിപ്പിക്കുന്നുണ്ട്. ചെടികളുടെ വിത്തും ഇലയും പഴവും അന്വേഷിച്ച് ദിവസവും ഇവിടേക്ക് ധാരാളം പേരെത്തുന്നു.

ആറു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള ലക്ഷ്മീ തരുവിന്റെ ഇലകള്‍ ഉണക്കിയും പള്‍സ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നു. ദിവസവും ഇവിടെ തിരക്കേറി വരികയാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാനും തോല്‍പ്പിക്കാനും ഈ ചെടികളില്‍ ജനങ്ങള്‍ പ്രതീക്ഷവയ്ക്കുന്നു എന്നത് വാസ്തവം. സെബിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി തെറ്റായ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടാകാം. പക്ഷേ ഒരു ബദല്‍ ചികില്‍സാ പദ്ധതിയായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നതിനോട് സെബിക്കും വിയോജിപ്പാണ്. സെബിയെ പച്ചിലചികില്‍സയിലേക്ക് നയിച്ചത് ഡോക്ടര്‍ അഗസ്റ്റിന്‍ ആന്‍റണിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു അഗസ്റ്റിന്‍ ആന്‍റണി. അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് എന്ന നിലക്ക് ഈ സസ്യങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തി. മുള്ളാത്തയും ലക്ഷ്മി തരുവും ഉപയോഗിച്ചുള്ള ഒരു ചികില്‍സാ പദ്ധതിയും ഡോക്ടര്‍ അഗസ്റ്റിന്‍ ആന്‍റണി തയാറാക്കിയിട്ടുണ്ട്. ജീവിതശൈലിയും ആഹാരരീതികളും ഉള്‍പ്പെടെയുള്ള പത്ത് കല്‍പനകളും ചിട്ടപ്പെടുത്തി.

രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും തങ്ങളുടേതല്ലാത്ത മറ്റൊരു മാര്‍ഗവും ശരിയല്ല എന്ന കടുംപിടിത്തം രോഗികളുടെ താല്‍പര്യത്തിന് എതിരായിരിക്കും. ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം രോഗവിരോധികളായ ഘടകങ്ങള്‍ ഈ സസ്യങ്ങളിലുണ്ട് എന്നതാണ്. പക്ഷേ അതുകൊണ്ട് മാത്രം സ്വയംചികില്‍സ ആരംഭിക്കുന്നത് നന്നല്ല. അത് അപകടകരവുമാണ്. വസ്തുതകള്‍ പ്രചരിക്കുന്നതിലും വേഗത്തില്‍ തെറ്റായ പരസ്യങ്ങളും ഊതിപ്പെരുപ്പിച്ച അവകാശ വാദങ്ങളും പടരുന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് ഈ സസ്യങ്ങളെയും ചികില്‍സ എന്ന രീതിയില്‍ സമീപിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ വേണം. രോഗത്തിന്റെ തീവ്രതയില്‍ അപകടങ്ങളില്‍ പോയി ചാടരുതെന്ന് മുന്നറിയിപ്പുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

അര്‍ബുദമെന്ന മാരക രോഗത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് ഈ ചെടികള്‍ മരുന്നായി ഉപയോഗിക്കാം എന്ന പ്രചാരണത്തിന് പിന്നില്‍ കച്ചവട താല്‍പര്യങ്ങളല്ല വേണ്ടത്. ഈ ചെടികളിലുള്ള ഗുണമേന്മ രോഗം കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിക്കേണ്ടതാണ്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ സ്വരം വേണ്ടതുമാണ്. പ്രകൃതി അതിന്റെ സന്തതികള്‍ക്കായി ചെടികളില്‍ ഒളിപ്പിച്ചിരിക്കുന്ന അമൂല്യവിഭവങ്ങളില്‍ ചിലത് ലക്ഷ്മി തരുവിലും മുള്ളാത്തയിലുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സംശയങ്ങള്‍ അതിന്റെ ഉപയോഗം സംബന്ധിച്ചാണ്. സംശയങ്ങള്‍ തീര്‍ക്കേണ്ട ഉത്തരവാദിത്തമുള്ളവര്‍ ആ ജോലി ചെയ്യേണ്ട സമയമാണ്. അങ്ങനെയായാല്‍ ഈ പച്ചപ്പ് ഇനിയും ഒരുപാട് ജീവനുകള്‍ രക്ഷിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News അര്‍ബുദം മാറ്റാന്‍ അത്ഭുത സസ്യങ്ങളോ?