സ്വര്‍ണവില ഒരു വര്‍ഷം കൊണ്ടുകുറഞ്ഞത് പവന് 3080 രൂപ; നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടം

goldസ്വര്‍ണവില താഴേക്ക് കുതിക്കുന്നു. ചില ദിവസങ്ങളില്‍ വിലയില്‍ നേരിയ വര്‍ദ്ധന വരുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ പിന്നേയും താഴേക്കാണ് വിലയുടെ പോക്ക്. ഇതേപോലെ തുടര്‍ച്ചയായി വില താഴ്ന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 3080 രൂപയാണ്. ശനിയാഴ്‌ച്ച മാത്രം പവന് 200 രൂപ കുറഞ്ഞ് വില 19,720 ല്‍ എത്തി. ഈ വില മൂന്നു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയുമാണ്.വെള്ളിയാഴ്‌ച്ച ഗ്രാമിന് 2490 രൂപയുണ്ടായിരുന്നത് ശനിയാഴ്‌ച്ച 2,465 രൂപയായി കുറഞ്ഞിരുന്നു.അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 ന് 22,800 രൂപയായിരുന്നു വില. കഴിഞ്ഞ 35 ദിവസം കൊണ്ട് പവന് കേരളത്തില്‍ 1400 രൂപയാണ് കുറഞ്ഞത്. 21,120 രൂപയായിരുന്നു 2013 ഫെബ്രുവരിയിലെ വില. സ്വര്‍ണത്തില്‍ മുതല്‍ മുടക്കിയവര്‍ക്ക് ഒരു വര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് ഇവിടേയും സ്വര്‍ണവില താഴേക്ക് പതിക്കുന്നത്. കുറച്ചു കാലമായി വിലക്കുറവ് കാണിച്ചുകൊണ്ടിരുന്ന സ്വര്‍ണത്തിന് നേരിയ തോതില്‍ വില ഉയര്‍ന്നത് ഇന്ധനവില ഇടിഞ്ഞതോടെയാണ്. ഇന്ധനവിലത്തകര്‍ച്ച ഓഹരികളെയും മറ്റും ബാധിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം കൂടുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ സ്വര്‍ണത്തില്‍ വീണ്ടും വിറ്റൊഴിക്കല്‍ തുടങ്ങി.
സ്വര്‍ണത്തില്‍ വിലവര്‍ദ്ധന പ്രവണത 2003 ശേഷമാണ് വലിയ തോതില്‍ കാണിക്കാന്‍ തുടങ്ങിയത്. 3500 രൂപയോളമായിരുന്നു അന്നത്തെ വില. പതുക്കെ ഉയര്‍ന്ന വില 2007 ല്‍ എത്തിയപ്പോഴേക്കും പവന് 6890 രൂപയായി. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ വിലയില്‍ കുതിച്ചു ചാട്ടം തുടങ്ങി. 2008ല്‍ വില 8892 രൂപയായി. 2009 ല്‍ 11,077 രൂപയും, 2010ല്‍ 12,280 രൂപയുമായി. 2011 മുതല്‍ വിലയില്‍ ഞെട്ടിക്കുന്ന ഉയര്‍ച്ചയാണ് കാണിക്കാന്‍ തുടങ്ങിയത്. ആ വര്‍ഷം 15,560 രൂപയായി. 2012ല്‍ 20,880 രൂപയുമായി. ചുരുക്കത്തില്‍ പത്ത് വര്‍ഷത്തിനകം സ്വര്‍ണ്ണത്തില്‍ 17000 രൂപയോളമാണ് ഒരു പവന് കൂടിയത്. 1925 ല്‍ പതിമൂന്ന് രൂപയില്‍നിന്ന് 1980 വരെ എത്തുമ്പോള്‍ 975 രൂപയായിരുന്നു വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. വില താഴുമെന്നു കണ്ട് മൊത്ത, ചെറുകിട വ്യാപാരികള്‍ വിപണിയില്‍നിന്നു മാറി നില്‍ക്കുന്നത് വില കുറയാന്‍ കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനിയും വില കുറയുമെന്നു കണ്ട് സ്വര്‍ണം വിറ്റഴിക്കാനുള്ള പ്രവണത കാണിച്ചാലും വില കുറയും. വിലകൂടിയപ്പോഴുള്ള വേഗതയില്‍ കുറയുന്ന പ്രവണത കാണിക്കാനും ഈ മഞ്ഞലോഹത്തിനാവും. അങ്ങനെ വന്നാല്‍ കോടികളുടെ നഷ്ടമാണ് ചെറുകിട വ്യാപാരികള്‍ക്ക് വരെ സംഭവിക്കുക.

രാജ്യത്തിന്റെ സ്വര്‍ണശേഖരത്തില്‍ 25 ശതമാനത്തിലധികം കേരളത്തിലാണ്. കേരളത്തിലെ സ്ത്രീകളുടെ സ്വര്‍ണഭ്രമവും ഇതിന് കാരണമാണ്. 5000 ടണ്‍ സ്വര്‍ണം കേരളത്തിലെ വീടുകളില്‍ മാത്രം ഉണ്ടെന്നാണ് കണക്ക്. 245 ടണ്‍ സ്വര്‍ണം വച്ച് വര്‍ഷം തോറും കേരളത്തിലെ വീടുകളില്‍ വര്‍ദ്ധിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ കണക്കില്‍ നോക്കിയാല്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ഇടിവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിനൊപ്പം വെള്ളിയും താഴോട്ടാണ്. ശനിയാഴ്‌ച്ച മാത്രം കിലോക്ക് 500 രൂപയുടെ കുറവുണ്ടായി.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News സ്വര്‍ണവില ഒരു വര്‍ഷം കൊണ്ടുകുറഞ്ഞത് പവന് 3080 രൂപ; നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടം