ആനക്കൊട്ടാരം എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ട

punnathur kottaപുന്നത്തൂര്‍ കോട്ടയിലെ പതിനെട്ട് ഏക്കറില്‍ അറുപത്തിനാല് പ്രപഞ്ചങ്ങളുണ്ട്. ഓരോ പ്രപഞ്ചവും ഓരോ കഥയാണ്. ചിലപ്പോള്‍ കഥ സ്‌നേഹത്തിന്റെതാവും ചിലപ്പോള്‍ വേദനയുടെ അല്ലെങ്കില്‍ കുസൃതിയുടെ. കണ്ടാല്‍ തീരാത്ത ആനച്ചന്തങ്ങളും കേട്ടാല്‍ തീരാത്ത ആനക്കഥകളുമുള്ള ഗുരുവായൂരിലെ ആനപ്രപഞ്ചം. ചെന്നുകയറിയത് ദേഹമാസകലം ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്ന ഗുരുവായൂര്‍ നന്ദന് മുന്നിലേക്കാണ്. പുന്നത്തൂര്‍ കോട്ടയിലെ ഏറ്റവും കനമുള്ള കൊമ്പന്‍. ഏതാണ്ട് പത്ത് ടണ്ണോളം വരും ഇവന്റെ തൂക്കം. ഒരിക്കല്‍ ഗുരുവായൂര്‍ പദ്മനാഭന് അസുഖം വന്നപ്പോള്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമെടുത്തത് നന്ദനാണ്.  

തുമ്പിക്കയ്യൊക്കെ ആട്ടി പുലര്‍ക്കാല വെയിലാസ്വദിച്ച് മണ്ണിന്റെ തവിട്ടു നിറത്തില്‍ അവനങ്ങനെ നില്‍ക്കുകയാണ്.

 

 

 


തൊട്ടപ്പുറത്ത് ഗോപാലകൃഷ്ണന്‍. ആള്‍ മദപ്പാടിലാണ്. ആനപ്പന്തിയിലെ ജീവനക്കാരിലൊരാള്‍ രണ്ടാനപ്പാട് അകലത്തില്‍ നിന്ന് ഹോസിലൂടെ വെള്ളമൊഴിച്ച് കുളിപ്പിച്ചു കൊടുക്കുന്നു. കന്നത്തില്‍ നിന്ന് മദം പൊട്ടിയൊഴുകുന്നു. തൂക്കത്തില്‍ നന്ദനോളം വരില്ലെങ്കിലും നല്ല വലിപ്പം. മണ്ണിലേക്കിടിച്ചുതാഴ്ത്തിയ വലിയ കല്‍ക്കുറ്റിയില്‍ പിന്‍കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. മദപ്പാടിലാണെങ്കിലും പാപ്പാന്‍ രാഘവനെ വലിയ അനുസരണയാണ്. കഴുകി വൃത്തിയാക്കുന്നതിനായി കാലുകള്‍ കല്‍ക്കുറ്റിക്ക് മേല്‍ കയറ്റി വെച്ചു കൊടുക്കുന്നുണ്ട്. 
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ആനകള്‍ മാത്രം! പുന്നത്തൂര്‍ കോവിലകം എന്ന അച്ചുതണ്ടിനു ചുറ്റുമാണ് ഈ ആനപ്രപഞ്ചം. കോവിലകത്തിന്റെ മുന്നില്‍ കൂട്ടത്തോടെ പത്രം വായിച്ചിരിക്കുന്ന പാപ്പാന്‍മാര്‍. ചിലര്‍ ആനവിശേഷങ്ങളും അമ്പലവിശേഷങ്ങളും വാതോരാതെ വിളമ്പുന്നു. മറ്റു ചിലര്‍ പനയോല തുമ്പു കൊണ്ട് ആനപ്പുറത്തെ പൊടി അടിച്ചു വാരുന്നു. ഈ കോവിലകത്താണ് 'ഒരു വടക്കന്‍ വീരഗാഥ' സിനിമ ഷൂട്ട് ചെയ്തത്. കോവിലകത്തിന്റെ വാതില്‍പ്പടിയില്‍ നല്ലൊരു കൊത്തുപണിയുണ്ട്. ദേവീരൂപത്തിന്റെ ഇരുവശങ്ങളിലായി രണ്ടാനകള്‍ തുമ്പിയുയര്‍ത്തി നില്‍ക്കുന്നതാണ് ഒന്ന്. കൃഷ്ണനും ഗണപതിയുമുള്‍പ്പടെയുള്ള ദേവന്‍മാരുടെ രൂപങ്ങള്‍ അതിസൂക്ഷ്മങ്ങളായി കൊത്തിയിരിക്കുന്നു. കോവിലകത്തിന്റെ വിശാലമായ നടുത്തളത്തില്‍ വെള്ളം നിറച്ച വലിയൊരു ഉരുളി കാണാം. ഇവിടെയിപ്പോള്‍ ആരും താമസമില്ല. കോവിലകം ജീര്‍ണാവസ്ഥയിലാണ്.


ഒരു ദിവസം ഇവിടെ വേണ്ടത് ഏതാണ്ട് പന്ത്രണ്ടര ടണ്‍ പനമ്പട്ടയാണ്. കോവിലകത്തിന്റെ ഒരുഭാഗത്താണ് ആനകള്‍ക്കുള്ള ആഹാരം തയ്യാറാക്കുന്നത്. കുശ്ശിനിയില്‍ തിളച്ച പാല്‍ച്ചോറ് കോരിയിടുകയാണ്. തണുപ്പിച്ചിട്ട് വേണം ഇവിടുത്തെ പ്രായം ചെന്ന ആനകള്‍ക്ക് കൊടുക്കാന്‍. പല്ലൊക്കെ നഷ്ടമായവര്‍ക്കുള്ളതാണിത്. 'ഇബാട കിടയാനെ...' ആനയേക്കാള്‍ വലിയ വായില്‍ പാപ്പാന്റെ അലര്‍ച്ച കേട്ടാണ് നോക്കിയത്. കോട്ടയിലെ അറുപത്തിനാലാം പ്രപഞ്ചത്തെ ചട്ടം പഠിപ്പിക്കുകയാണ്. അയ്യപ്പനെന്നാണ് പുതുമക്കാരന്റെ പേര്. ആളല്‍പ്പം കുസൃതിയല്ലേ എന്നു സംശയം. പാപ്പാന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ 'എനിക്കു വയ്യ' എന്ന ഭാവത്തോടെ മുഖം തിരിച്ചൊരു നില്‍പ്പാണ്. ഒടുവില്‍ പാപ്പാന്‍ തോട്ടിയെടുത്തതോടെ ആളല്‍പ്പം അയഞ്ഞു, 'വേണമെങ്കില്‍ അനുസരിക്കാമെന്ന' ഭാവം വിടര്‍ന്നു.


'പുതുമയുടെ പ്രശ്‌നങ്ങളാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ശരിയാകും...' ആന ചൂരില്‍ മുപ്പതാണ്ട് തികയ്ക്കുന്ന ദാമോദരേട്ടന്റെയാണ് ശബ്ദം. ആനക്കോട്ടയിലെ ഫീല്‍ഡ് സൂപ്പര്‍വൈസറാണ്. നേരത്തെ ഗുരുവായൂര്‍ പദ്മനാഭന്റെയും കണ്ണന്റെയും സത്യനാരായണന്റെയുമൊക്കെ പാപ്പാനായിരുന്നു. 'അപ്പുറത്ത് നില്‍ക്കുന്ന കൃഷ്ണനെ കണ്ടോ, ഒരു പ്രത്യേകതയുണ്ട് പറയാമോ?'. നല്ല ഉഗ്രനൊരു കൊമ്പന്‍. വളര്‍ന്ന് പിണയുമെന്നായപ്പോള്‍ കൊമ്പുകള്‍ അല്‍പ്പം മുറിച്ച് കളഞ്ഞിരിക്കുന്നു. 'അവന് രണ്ടു കണ്ണിനും കാഴ്ച്ചശക്തിയില്ല. ഉത്സവത്തിനെന്നല്ല, ആനക്കോട്ടയ്ക്ക് പുറത്തേക്ക് പോലും കൊണ്ടു പോകാറില്ല. എല്ലാ ദിവസവും നാലഞ്ചടി നടത്തും അത്രമാത്രം'. ശരിയാണ് പനമ്പട്ടയൊക്കെ ശ്രമപ്പെട്ട് തപ്പിയെടുത്താണ് കഴിക്കുന്നത്. എഴുന്നള്ളിപ്പിനിടെ പനമ്പട്ട കൊണ്ടാണ് ആദ്യ കണ്ണിന് കാഴ്ച്ച പോയത്. അഞ്ച് വര്‍ഷം മുന്നേ തിമിരം വന്ന് ഉണ്ടായിരുന്ന കാഴ്ച്ചയും പോയി. കണ്ണുകാണാത്ത കൃഷ്ണനടുത്താണ് നാല്‍പത്തിനാലുകാരാന്‍ ഒറ്റക്കൊമ്പന്‍ രാജശേഖരന്റെ ഇടം. ആള് പിശകാണ്. ചട്ടമ്പിത്തരമേ കയ്യിലുള്ളു. പാപ്പാനെ തട്ടിയാഴെയിടലാണ് ഹോബി. പഴുപ്പ് കയറിയാണ് ഒരു കൊമ്പ് പോയത്. ഈ ഒറ്റക്കൊമ്പനു മറ്റൊരു പ്രത്യേകതയുണ്ട് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒറ്റപാപ്പാനെ മാത്രമേ അനുസരിച്ചിട്ടുള്ളു. 'പൂരങ്ങള്‍ക്കൊന്നും കൊണ്ടുപോകാതായിട്ട് ഒരു കൊല്ലം കഴിഞ്ഞു. കേശവന്റെ ജൂബിലിക്ക് മാത്രം കൊണ്ടുപോകും' പാപ്പാന്‍ ശശിധരന്‍ പറഞ്ഞു. ഇവനെ കൂടാതെ ചന്ദ്രശേഖരന്‍, രാമു എന്നിവര്‍ കൂടിയുണ്ടിവിടെ ഒറ്റക്കൊമ്പന്‍മാരായിട്ട്.


പുന്നത്തൂര്‍ രാജവംശത്തിന്റെ കയ്യില്‍ നിന്നും കോവിലകം വാങ്ങും മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തായിരുന്നു ആനപ്പന്തി. അതായത് ഇന്നത്തെ 'ശ്രീവത്സം' നില്‍ക്കുന്നിടത്ത്. മുപ്പത്തിയേഴ് കൊല്ലം മുന്‍പ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തിലാണ് കണ്ണന്റെ ആനകളെ പുന്നത്തൂര്‍ കോട്ടയിലേക്ക് കൊണ്ടുവന്നത്. ദാമോദരേട്ടന്റെ 'ആനവിശേഷം' കൊട്ടിക്കയറി എട്ടാം കാലമെത്തിയപ്പോഴേക്കും. അക്ഷയ കൃഷ്ണനെന്ന കൊമ്പന്‍ ഇടഞ്ഞെന്ന സന്ദേശവുമായി ഒരാളെത്തി. കോട്ടയിലെ ഉപയോഗിക്കാതെ കിടക്കുന്ന തോട്ടിലേക്ക് എടുത്തു ചാടി, കയറാന്‍ വിസമ്മതിച്ച് നില്‍ക്കുകയാണ് അക്ഷയ കൃഷ്ണന്‍. പാപ്പാന്‍ പനമ്പട്ടയും തോട്ടിയുമൊക്കെ കാണിച്ച് വിളിച്ചു നോക്കുന്നുണ്ട്. അരമണിക്കൂറത്തെ പരിശ്രമത്തിന് ശേഷം അവന്‍ മുകളിലേക്ക് കയറി. പാപ്പാന്റെ മുന്നില്‍ അനുസരണയുള്ള ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി, തുമ്പിക്കൈ ഇടത്തേ കൊമ്പില്‍ ചുരുട്ടിയിട്ടു നടന്നു.  ഇവിടെയൊരു ആനമുത്തശ്ശിയുണ്ട്. എണ്‍പതുവയസ്സുള്ള താര. ഇപ്പോഴും ഊര്‍ജ്ജസ്വലയാണ്. വിളക്കെഴുന്നെള്ളിപ്പിനൊക്കെ ഇപ്പോഴും കൊണ്ടുപോകും. ഇതുവരെ ആരോടും വഴക്കിട്ടിട്ടില്ല. വാര്‍ദ്ധക്യത്തിന്റെ ദുര്‍വാശികളുമില്ല.


ഒരു ഭാഗം കരിഞ്ഞുണങ്ങിനില്‍ക്കുന്ന ആല്‍മരമുണ്ടിവിടെ. പാപ്പാന്‍മാര്‍ക്ക് ദു:ഖം മാത്രം സമ്മാനിക്കുന്ന ഒരു കറുത്തപാട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ആല്‍മരത്തില്‍ ബന്ധിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ എന്ന കൊമ്പന്‍ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ആനക്കോട്ടയിലെ വലിയൊരു ദുരന്തമായിരുന്നു അത്. അതിദാരുണമായ മറ്റൊരു സംഭവത്തിനു കൂടി ദാമോദരേട്ടന്‍ സാക്ഷിയായിട്ടുണ്ട്. പത്തിരുപത് വര്‍ഷം മുന്‍പാണ്. കോട്ടയിലെ ആനയൂട്ട് നടത്തുന്ന ഭാഗത്ത് വെച്ച് കുട്ടിശങ്കരന്‍ എന്ന ആന പരമുനായര്‍ എന്ന പാപ്പാനെ കുത്തി കൊമ്പില്‍ കോര്‍ത്തു. കൊലവിളിയോടെ നില്‍ക്കുന്ന കുട്ടിശങ്കരന്റെ കൊമ്പില്‍ നിന്ന് പാപ്പാനെ വലിച്ചെടുത്തത് ദാമോദരേട്ടനായിരുന്നു. ഗുരുവായൂരപ്പന്റെ പ്രത്യേക അനുഗ്രഹം കിട്ടിയ പിടിയാനയെന്ന് പാപ്പാന്‍മാര്‍ വിശേഷിപ്പിക്കുന്ന നന്ദിനിയുടെ അടുത്തെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളി വേട്ട ആറാട്ടിന്റെ താരമാണ് നന്ദിനി. ചടങ്ങില്‍ ശ്രീകോവിലിനു ചുറ്റും 21 ഓട്ട പ്രദക്ഷിണം നടത്തണം. കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ ഈ ചടങ്ങ് നന്ദിനി നടത്തും. ഭക്തരുടെ തിരക്കു കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ല. എന്നാല്‍ തിരക്കിനിടയിലൂടെ സൂക്ഷിച്ച് ഓടുന്ന നന്ദിനി. കൃത്യം 21 പ്രദക്ഷിണം കഴിയുമ്പോള്‍ നില്‍ക്കും.


അപ്പോഴാണ് ഉത്സവത്തിന് പോയ ഗുരുവായൂര്‍ പദ്മനാഭന്‍ തിരിച്ചെത്തിയതറിഞ്ഞത,് അങ്ങോട്ട് നടന്നു. വഴിയില്‍ ഗുരുവായൂരിലെ ഓട്ടക്കാരായ കണ്ണനേയും ഗോകുലനെയും രാമന്‍കുട്ടിയേയും കണ്ടെന്നു വരുത്തി. ഒപ്പം കൊമ്പില്ലാ 'കൊമ്പന്‍'മാരായ ജൂനിയര്‍ ലക്ഷ്മണനെയും ബാലകൃഷ്ണനെയും. ഇരുവരും മദപ്പാടിലാണ്.  പുതിയ ആനക്കൂടിനടുത്താണ് പദ്മനാഭന്‍. മറ്റാനകള്‍ക്ക് മുകളിലൂടെ ദൂരെ നിന്നേ പദ്മനാഭന്റെ തലപ്പൊക്കം കണ്ടു. എല്ലാ അര്‍ത്ഥത്തിലും പുന്നത്തൂര്‍ കോട്ടയിലെ 'തമ്പുരാന്‍'. വിസ്താരമേറിയ ചെവികളാട്ടി, തല സാവധാനത്തില്‍ ചെരിച്ച്, ഒരു കാല്‍ കൊണ്ട് പനമ്പട്ടയില്‍ ചവിട്ടി പിടിച്ച്, തുമ്പിക്കൈ കൊണ്ട് പനയോല പിഴുതെടുക്കുകയാണ് ഗജരത്‌നം. തള്ളി നില്‍ക്കുന്ന മസ്തകത്തിന് തൊട്ട് താഴെ ഒരു ചുവന്ന ഗോപിപ്പൊട്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏക്കം കിട്ടിയ ആന. നെന്മാറ വല്ലങ്ങി ഉത്സവത്തിന് രണ്ട്‌ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് പദ്മനാഭന് വല്ലങ്ങി ദേശക്കാര്‍ ഏക്കം നല്‍കിയത്. എത്ര നേരം നോക്കി നിന്നാലും പദ്മനാഭനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല.


സന്ദര്‍ശകരുടെ തിരക്കേറിവരുന്നു. കുട്ടികളും വൃദ്ധരുമുണ്ട്. നിത്യേനയെന്നോണം വരുന്ന ആനപ്രേമികളും. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയാല്‍ ഒഴിവാക്കാനാവാത്ത ചടങ്ങു പോലെ കണ്ണന്റെ ആനയെകാണാനും ആളെത്തുന്നു. ഈ ആനക്കോട്ടയ്ക്കുള്ളില്‍ ഒരു ക്ഷേത്രമുണ്ട്. ശിവന്‍, വിഷ്ണു, ഭഗവതി എന്നീ ദേവതകളാണ് പ്രതിഷ്ഠ. പിന്നെയുള്ളത് പാപ്പാന്‍മാര്‍ക്കും കുടുംബത്തിനുമുള്ള ഏതാനും ക്വാര്‍ട്ടേഴ്‌സുകളാണ്. കാക്കയെയും പൂച്ചയേയുമൊക്കെ കാണിച്ച് കൊച്ചുകുട്ടികള്‍ക്ക് ചോറുകൊടുക്കുന്നത് പോലെ, ഇവിടുത്തെ അമ്മമാര്‍ ആനകളെ കാണിച്ചാണ് കുട്ടികള്‍ക്ക് ചോറു കൊടുക്കുന്നത്. നൂറ്ററുപതോളം പാപ്പാന്‍മാരുണ്ടിവിടെ. ഇതിന് പുറമെ മറ്റു ജീവനക്കാരും.  ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നാണ് 'ബുള്ളറ്റ് റാണി' യെ തളച്ചിരുന്നത്. ശരിക്കുള്ള പേര് ലക്ഷമീ കൃഷ്ണയെന്നാണ്. കക്ഷിക്ക് നല്ല പേടിയാണ് ശബ്ദത്തോടും ആളുകളോടും. പേടിച്ച് ബുള്ളറ്റ് പോലെയാണ് പായുക. അങ്ങനെ കിട്ടിയ പേരാണ് ബുള്ളറ്റ് റാണി. ഞങ്ങളെത്തുന്നതിന് തലേദിവസം ഇവളൊരു കുസൃതിയൊപ്പിച്ചു. ആനക്കോട്ടകാണാനെത്തിയ ഹൈദരാബാദുകാരന്‍ ശബരിമല തീര്‍ത്ഥാടകനെ തുമ്പിക്കൈ കൊണ്ടൊരു തട്ടുകൊടുത്തു. പാപ്പാന്റെ നിര്‍ദ്ദേശം വകവെക്കാതെ ആനയ്ക്കടുത്തേക്ക് പോയതായിരുന്നു അയാള്‍. വേറെയുമുണ്ടൊരു ഇരട്ടപ്പേരുകാരന്‍. 'ഞണ്ട്' എന്ന് വിളിക്കുന്ന വിനീത് കൃഷ്ണന്‍. ആളെ തുമ്പിക്കൈ കൊണ്ട് ഇറുക്കി പിടിക്കുകയാണത്രേ ഹോബി.


ആനക്കാഴ്ച്ചകളില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴാണ് ദേവിയെ കണ്ടത്. ആനക്കോട്ടയില്‍ പാപ്പാനെ ഏറ്റവും സ്‌നേഹിക്കുന്ന പിടിയാന. തന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഒരാളെ പോലും പാപ്പാനെ തൊടാന്‍ അനുവദിക്കില്ല ദേവി. ഒരിക്കല്‍ കള്ള് തലയ്ക്ക് പിടിച്ച് കുളത്തില്‍ വീണ പാപ്പാനെ മുങ്ങി ചാകാതെ തുമ്പിക്കയ്യില്‍ കോരിയെടുത്ത് കരയ്‌ക്കെത്തിച്ചിട്ടുണ്ട് ഈ പിടിയാന.
തുമ്പിക്കയ്യില്‍ നിന്ന് തുടങ്ങുന്ന ആനക്കഥ കൊമ്പിലേറി മസ്തകമെത്തുമ്പോഴേക്കും കാണാനെത്തുന്നവര്‍ ഇവരെ അറിയാതെ സ്‌നേഹിച്ചു പോകും. ഓര്‍ത്തുവെയ്ക്കാന്‍ കൊതിയ്ക്കുന്ന ആനവാത്സല്യവുമായിട്ടായിരിക്കും പടിയിറങ്ങുക.


 പ്രത്യേകം ശ്രദ്ധിക്കുക
-----------------------------

പുന്നത്തൂര്‍ കോട്ടയ്ക്കുള്ളില്‍ റോഡുണ്ട്, അതിലൂടെ മാത്രം നടക്കുക.ആന വരുന്നതു കണ്ടാല്‍ ഏതെങ്കിലും ഒരുവശത്തേക്ക് സുരക്ഷിതമായി ഒഴിഞ്ഞു നില്‍ക്കുക.ദേവസ്വം ഉദ്യോഗസ്ഥര്‍, ഗാര്‍ഡുകള്‍, പാപ്പാന്‍മാര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.ആനത്താവളം കാണിച്ചു തരുന്നതിനോ സന്ദര്‍ശകരെ അനുഗമിക്കുന്നതിനോ ദേവസ്വം 'ഗൈഡുകളെ' നിയമിച്ചിട്ടില്ല. ഇത്തരത്തില്‍ വഞ്ചിതരാകാതിരിക്കുക.ആനവാല്‍ വില്‍ക്കുന്നതും വാങ്ങുന്നതും വന്യജീവി നിയമപ്രകാരം കുറ്റകരമാണെന്നത് ഓര്‍ക്കുക.ആനകളെ തൊട്ടു നോക്കാന്‍ ശ്രമിക്കാതിരിക്കുക. നിശ്ചിത അകലം പാലിക്കുക.മദപ്പാടുള്ള ആനകള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടാകും.

Last Updated on Friday, 22 December 2017 11:46

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Tourism News ആനക്കൊട്ടാരം എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ട