മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിസ്ഥാനമേറ്റു

ഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചൊവ്വാഴ്ച രാത്രി സ്ഥാനമേറ്റു. ആറുമാസമാണ് കാലാവധി. ക്ഷേത്രത്തില്‍ പതിനഞ്ച് ദിവസം ഭജനമിരുന്നതിനു ശേഷമാണ് ചുമതലയേറ്റത്.അത്താഴപ്പൂജയും അവസാന ചടങ്ങായ 'തൃപ്പുക'യും കഴിഞ്ഞ് നടയടയ്ക്കുന്നതിനു മുമ്പായിരുന്നു മേല്‍ശാന്തിമാറ്റച്ചടങ്ങ്. മേല്‍ശാന്തിയായിരുന്ന മുന്നൂലം ഭവന്‍ നമ്പൂതിരി നാലമ്പലത്തിനകത്ത് ഒരു പ്രദക്ഷിണം വെച്ച് നമസ്‌കാരമണ്ഡപത്തില്‍ കയറി, സ്ഥാനചിഹ്നമായ ശ്രീലകത്തിന്റെ താക്കോല്‍ക്കൂട്ടം വെള്ളിക്കുടത്തിന് മുകളില്‍ സമര്‍പ്പിച്ച് ഭഗവാനെ നമസ്‌കരിച്ച് സ്ഥാനമൊഴിഞ്ഞു.
ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നമെടുത്ത് ശ്രീഹരി നമ്പൂതിരിക്ക് നല്‍കി. ശ്രീലകത്ത് വലംകാല്‍ വെച്ച് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സ്ഥാനചിഹ്നം സമര്‍പ്പിച്ച് വണങ്ങി, ശ്രീഹരി നമ്പൂതിരി ഭഗവാന്റെ മേല്‍ശാന്തിയായി. തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതിയംഗങ്ങളായ അഡ്വ. എ. സുരേശന്‍, കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, ശ്രീഹരി നമ്പൂതിരിപ്പാടിന്റെ അച്ഛനും ഗുരുവായൂരില്‍ നാലുതവണ മേല്‍ശാന്തിയുമായിരുന്ന മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മറ്റു കുടുംബാംഗങ്ങള്‍, ക്ഷേത്ര പരിചാരകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യദര്‍ശനം മുതല്‍ പുതിയ മേല്‍ശാന്തിയുടെ ചുമതലകള്‍ ആരംഭിക്കും. സ്ഥാനമേറ്റതോടെ ശ്രീഹരി നമ്പൂതിരി ഇനി ആറുമാസം ക്ഷേത്രമതില്‍ക്കകം വിട്ട് പുറത്ത് പോകാന്‍ പാടില്ല. വ്രതനിഷ്ഠയോെട സപ്തംബര്‍ 30 വരെ ഗുരുവായൂരപ്പന്റെ സമീപത്തുതന്നെയുണ്ടാകും.
ചൊവ്വാഴ്ച രാത്രി മേല്‍ശാന്തിമാറ്റച്ചടങ്ങായിരുന്നതിനാല്‍ പതിവുള്ള ചുറ്റുവിളക്ക് ഉണ്ടായില്ല. വര്‍ഷത്തില്‍ അപൂര്‍വ്വ ദിവസങ്ങളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ഇല്ലാത്തത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Temple News മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിസ്ഥാനമേറ്റു