ഒറ്റക്കൊമ്പന്‍ രാമു രണ്ടാംവരവിനൊരുങ്ങുന്നു....

ഗുരുവായൂര്‍: രണ്ടുതവണ തളര്‍ന്നുവീണതുകൊണ്ട് 'ഇനി രക്ഷയില്ലെ'ന്ന് വിധിയെഴുതിയതായിരുന്നു ഒറ്റക്കൊമ്പന്‍ രാമുവിനെ. എന്നാല്‍ രാമുവിതാ, കൂടുതല്‍ കരുത്തോടെ രണ്ടാം വരവിനൊരുങ്ങുന്നു. ഒറ്റക്കൊമ്പിന്റെ നീളമൊന്നു കുറച്ച് കൂടുതല്‍ ചന്തത്തോടെ ഇനി പൂരപ്പറമ്പുകളിലേക്കിറങ്ങാം. മുളച്ചുവരുന്ന ഇടതുകൊമ്പ് പൂര്‍ണ്ണ വളര്‍ച്ചയെത്തുകകൂടി ചെയ്താല്‍ രാമുവിന് ആനലോകത്ത് ഫുള്‍മാര്‍ക്ക്.കഴിഞ്ഞവര്‍ഷം ജനവരിയിലാണ് രാമു തളര്‍ന്നുവീണത്. വലത്തെ അമരത്ത് നീരുവന്നു തൂങ്ങി അവശനായ കൊമ്പനെ ക്രെയിന്‍ കൊണ്ടുവന്ന് പൊക്കിയെങ്കിലും ശരീരമാസകലം കടുത്ത വേദനയായിരുന്നതിനാല്‍ നില്‍ക്കാനും കിടക്കാനും കഴിയാത്ത അവസ്ഥയായിരുന്നു.
ആറുമാസത്തോളം വേദന തിന്നുകഴിഞ്ഞ രാമുവിന് ഡോക്്ടര്‍മാരുടെ ജാഗ്രതകൊണ്ടും പാപ്പാന്‍ ബാലകൃഷ്ണന്റെ വാത്സല്യപൂര്‍ണമായ പരിപാലനംകൊണ്ടുംകൂടിയാണ് രണ്ടാംജന്മമുണ്ടായത്. കിടക്കാന്‍ കൂട്ടാക്കാതിരുന്ന രാമുവിനെ, ബാലകൃഷ്ണന്‍ അരമതിലിനുമുകളില്‍ കയറിനിന്നായിരുന്നു തേച്ചുകുളിപ്പിച്ചിരുന്നത്. രണ്ടുനേരം വ്യായാമത്തിനായി നടത്തിച്ചു. നന്നായി തീറ്റയെടുക്കുന്നുമുണ്ട്. ഇപ്പോള്‍ രോഗമൊന്നും ഇല്ലെങ്കിലും പ്രതിരോധശേഷിക്കുള്ള ടോണിക്ക് കൊടുക്കുന്നുണ്ട്.
എട്ടുവര്‍ഷംമുമ്പാണ് രാമുവിന്റെ ഇടതുകൊമ്പ് മുറിഞ്ഞത്. പഴുപ്പ് ബാധിച്ചതിനെത്തുടര്‍ന്ന് ബലംകുറഞ്ഞ കൊമ്പില്‍ ചങ്ങലതട്ടിയപ്പോള്‍ മുറിഞ്ഞുവീഴുകയായിരുന്നു. അതോടെ ഒറ്റക്കൊമ്പന്‍ രാമു എന്ന പേര്‍ വീണു. ഇപ്പോള്‍ കൊമ്പ് വളര്‍ന്നുവരുന്നുണ്ട്.
ഇനി രാമുവിന് നല്ലകാലമാണ്. ആനക്കോട്ടയില്‍ തളര്‍ന്നുവീണ ആനകളൊന്നും പിന്നീട് ഉയര്‍ത്തെഴുന്നേറ്റിട്ടില്ല എന്നിരിക്കേ രാമുവിന്റെ കാര്യത്തില്‍ സംഭവിച്ചത് അത്ഭുതമെന്നു പറയാം. പൂരപ്പറമ്പുകളിലേക്ക് പോയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇക്കുറി ആനയോട്ടത്തില്‍ പങ്കെടുപ്പിക്കാന്‍ പാപ്പാന് നല്ല മോഹമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ആനയോട്ടത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് എഴുന്നള്ളിപ്പുകള്‍ക്ക് പോകാന്‍ രാമു തയ്യാറെടുത്തുനില്‍ക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ഒറ്റക്കൊമ്പന്‍ രാമു രണ്ടാംവരവിനൊരുങ്ങുന്നു....