ഭഗവാന്‍ ആറാടിയ തീര്‍ഥത്തില്‍ ഭക്‌തിയുടെ നീരാട്ട്‌; പതിനായിരങ്ങള്‍ക്ക്‌ ദര്‍ശനസായൂജ്യം

guruvayoor aarattuഗുരുവായൂര്‍ : ഭഗവാന്‍ ആറാടിയ രുദ്രതീര്‍ഥത്തില്‍ ഭക്‌തിയുടെ നീരാട്ടില്‍ മുങ്ങി പതിനായിരങ്ങള്‍ സായൂജ്യമടഞ്ഞു. ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആറാട്ട്‌ ദര്‍ശിക്കാന്‍ അത്യപൂര്‍വമായ തിരക്കാണ്‌ ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്‌. പള്ളിവേട്ടകഴിഞ്ഞ്‌ ശ്രീകോവിലിനു പുറത്തെ നമസ്‌കാരമണ്ഡപത്തിലെ ശയ്യാഗൃഹത്തില്‍ പള്ളിക്കുറുപ്പുകൊണ്ട ഗുരുവായൂരപ്പനെ പള്ളിക്കുറുപ്പുണര്‍ത്തിയതോടെയായിരുന്നു ആറാട്ടു ദിവസത്തെ ചടങ്ങുകള്‍ക്കു തുടക്കമായത്‌.

രാവിലെ അഞ്ചിന്‌ പശുക്കിടാവിന്റെ കരച്ചില്‍ കേട്ട്‌ കണ്ണന്‍ ഉണര്‍ന്നു. കടലാടി ചമതകൊണ്ട്‌ പല്ല്‌ തേപ്പ്‌, എണ്ണ അഭിഷേകം എന്നിവയ്‌ക്കുശേഷം വെള്ളിപ്പീഠത്തില്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണതിടമ്പ്‌ വച്ച്‌ വാകപ്പൊടിതേച്ച്‌ നീരാട്ട്‌ നടത്തി. തുടര്‍ന്ന്‌ കണ്‍മഷിയെഴുതി ഗോരോചനക്കുറി തൊടുവിച്ച്‌ മലര്‍ നിവേദ്യവും നടത്തിയശേഷമാണു ശ്രീലകത്തേക്ക്‌ എഴുന്നള്ളിച്ചത്‌. ഈ സമയം കരുവാട്ട്‌ ഭട്ടതിരി ഭഗവാനെ ഗ്രന്ഥം വായിച്ച്‌ കേള്‍പ്പിച്ചു.  വൈകിട്ട്‌ നാലരയ്‌ക്കു നടതുറന്നതോടെയായിരുന്നു മൂലവിഗ്രഹത്തിലുള്ള ചൈതന്യം പഞ്ചലോഹതിടമ്പിലേക്ക്‌ ആവാഹിച്ചെടുത്തത്‌. പിന്നീട്‌ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച്‌ വച്ചു. ശ്രീലകത്ത്‌ മൂലവിഗ്രഹത്തിന്‌ സമീപംവയ്‌ക്കുന്ന പഞ്ചലോഹതിടമ്പ്‌ ആറാട്ടുദിവസം മാത്രമാണ്‌ പുറത്തേക്കെഴുന്നള്ളിക്കുക. കൊടിമരത്തറയ്‌ക്കല്‍ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ പഞ്ചലോഹതിടമ്പ്‌ എഴുന്നള്ളിച്ചശേഷം കീഴ്‌ശാന്തി തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി ദീപാരാധന നടത്തി.  ദീപാരാധനയ്‌ക്കുശേഷം ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാന്റെ പഞ്ചലോഹത്തിടമ്പ്‌ സ്വര്‍ണകോലത്തില്‍ പുറത്തേയ്‌ക്ക് എഴുന്നള്ളിച്ചു. ഗജരത്നം പത്മനാഭന്‍ സ്വര്‍ണകോലമേന്തി. രാമന്‍കുട്ടി, കേശവന്‍കുട്ടി, നന്ദന്‍, സിദ്ധാര്‍ഥന്‍ എന്നീ കൊമ്പന്‍മാര്‍ പറ്റാനകളായി. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ്‌കണക്കിന്‌ വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചവാദ്യത്തിനു പുറമേ വാളും പരിചയുമേന്തിയ കൃഷ്‌ണനാട്ടം കലാകാരന്‍മാര്‍, കൊടി, തഴ, സൂര്യമറ, നാഗസ്വരം, ഭജന എന്നിവ എഴുന്നള്ളിപ്പിന്‌ അകമ്പടിസേവിച്ചു. ശര്‍ക്കര, പഴം അവില്‍, മലര്‍ എന്നിവകൊണ്ട്‌ നിറപറയും, നിലവിളക്കും വച്ച്‌ വഴിനീളെ ഭക്‌തജനങ്ങള്‍ ഗുരുവായൂരപ്പനെ എതിരേറ്റു. രുദ്രതീര്‍ഥക്കുളത്തിന്‌ വടക്ക്‌ഭാഗത്ത്‌ എഴുന്നള്ളിപ്പെത്തിയപ്പോള്‍ പഞ്ചവാദ്യം മേളത്തിനു വഴിമാറി. പിന്നീട്‌ മേളത്തോടുകൂടിയാണു ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്‌ മുന്നോട്ടു നീങ്ങിയത്‌. പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ്‌ ആറാട്ട്‌ കടവിലെത്തി. പുണ്യതീര്‍ഥങ്ങളായ ഗംഗയും യമുനയുമടക്കമുള്ള എല്ലാ തീര്‍ഥങ്ങളേയും രുദ്രതീര്‍ഥത്തിലേക്ക്‌ ആവാഹിക്കുകയായിരുന്നു. ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ മഞ്ഞള്‍പ്പൊടി അഭിഷേകം ചെയ്യ്‌തശേഷം വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീരിലായിരുന്നു അഭിഷേകം. തന്ത്രി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍, എന്നിവര്‍ ഒരുമിച്ച്‌ ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്‌തതോടെ കാത്തുനിന്ന പതിനായിരങ്ങളും രുദ്രതീര്‍ത്ഥത്തില്‍ മുങ്ങികയറി. ആറാട്ടുച്ചടങ്ങിനുശേഷം ഇടത്തരികത്തുക്കാവില്‍ ഭഗവതിക്ഷേത്രത്തിലെ വാതില്‍മാടത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചിരുത്തിയശേഷം രാത്രിയായിരുന്നു ഉച്ചപൂജ. ഭഗവാന്റെ തിടമ്പ്‌ കൊടിയിറക്കല്‍ ചടങ്ങുകള്‍ക്കായി ആനപ്പുറത്ത്‌ എഴുന്നള്ളിച്ചു. ആറാട്ട്‌ കഴിഞ്ഞ്‌ ക്ഷേത്രത്തിലെത്തുന്ന ഭഗവാനെ ക്ഷേത്രം ഊരാളന്‍ നിറപ്പറവച്ച്‌ സ്വീകരിച്ചു. പതിനൊന്ന്‌ ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം തന്ത്രി സ്വര്‍ണധ്വജത്തിലെ സപ്‌തവര്‍ണക്കൊടി ഇറക്കി. തിടമ്പ്‌ ശ്രീകോവിലിലേക്ക്‌ എഴുന്നള്ളിച്ച്‌ ചൈതന്യം മൂലവിഗ്രഹത്തില്‍ ലയിപ്പിച്ചു. 25 കുടം കലശം അഭിഷേകം ചെയ്‌തശേഷം അത്താഴപൂജ, വിളക്കെഴുന്നള്ളിപ്പ്‌ എന്നിവയുമുണ്ടായി.

Last Updated on Friday, 13 March 2015 10:01

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ഭഗവാന്‍ ആറാടിയ തീര്‍ഥത്തില്‍ ഭക്‌തിയുടെ നീരാട്ട്‌; പതിനായിരങ്ങള്‍ക്ക്‌ ദര്‍ശനസായൂജ്യം