രോഹിത് ശര്‍മ :വൈകി ഉദിച്ച താരം

rohitഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്ക് ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കറുമായി ചില സാമ്യങ്ങളുണ്ട്. മുംബൈക്കാരനാണെന്നതിനു പുറമേ സച്ചിനെ പോലെ മധ്യനിരയില്‍ കളി തുടങ്ങി ഇന്ത്യക്ക് വേണ്ടി ഏകദിനമത്സരങ്ങളില്‍ ഓപ്പണറാവാന്‍ നിര്‍ബന്ധിതനായ ബാറ്റ്‌സ്മാനാണ് രോഹിതും. സച്ചിനു ശേഷം രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടു സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്‌സ്മാനും രോഹിത് തന്നെ. എന്നാല്‍, സച്ചിനെ പോലെ ബാറ്റിങ്ങിലെ മുംബൈ സ്‌കൂളിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് രോഹിതിനെ വിശേഷിപ്പിക്കാനാവില്ല. 'പ്ലേ ഇറ്റ് സ്‌ട്രൈറ്റ് ' എന്നതാണ് മുംബൈ ക്രിക്കറ്റ് സ്‌കൂളിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്ന്. അജിത് വഡേക്കറും സുനില്‍ ഗാവസ്‌കറും ദുലീപ് വെങ്‌സക്കാറും സഞ്ജയ് മഞ്ച്രേക്കറും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം തികച്ചും ശാസ്ത്രീയമായി ബാറ്റിങ് അഭ്യസിച്ചുവന്ന മുംബൈ ക്ലാസിക്കല്‍ ബാറ്റിങ് സ്‌കൂളിന്റെ ഉത്പന്നങ്ങളാണ്. പന്തിന്റെ ലെങ്ത്തിനൊത്തുള്ള കൃത്യമായ പാദചലനങ്ങളും ബാറ്റ്‌സ്വിങ്ങും അളന്നുമുറിച്ച ഷോട്ടുകളും കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങള്‍ കീഴടക്കുന്ന ഈ മുംബൈ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനല്ല രോഹിത് ശര്‍മ. മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചതൊഴിച്ചാല്‍ രോഹിതിന്റെ ബാറ്റിങ്ങിലോ വ്യക്തിത്വത്തിലോ മുംബൈ സ്പര്‍ശമില്ല. ക്രീസില്‍ എത്തിയ ഉടനെ തന്നെ ക്രോസ്ബാറ്റ് ഷോട്ടുകള്‍ കളിക്കാനുള്ള പ്രവണതയും പ്രകടമാക്കുന്നു. അലസമെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റിങ് ശൈലിയും അപ്രവചനീയമായ ഷോട്ടുകളും രോഹിതിന്റെ സവിശേഷതയാണ്. പൊതുവേ മുംബൈ ക്രിക്കറ്റര്‍മാര്‍ കളിയിലും ജീവിതത്തിലും പ്രകടമാക്കുന്ന അച്ചടക്കവും ആത്മാര്‍പ്പണവും രോഹിതില്‍ കാണാനാവില്ല.

പക്ഷേ, സാങ്കേതികത്തികവിലും പ്രതിഭയിലും ഗാവസ്‌കറോടും സച്ചിനോടും വരെ രോഹിത് കിടപിടിക്കുന്നു. ഏഴ് വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ട്. എന്നാല്‍, ഇന്നേവരെ ടീമില്‍ സ്ഥിരംസ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം രോഹിതില്‍ നിന്നുണ്ടായില്ലെന്നേ പറയാനാവൂ. പലപ്പോഴും അച്ചടക്കപ്രശ്‌നം കൊണ്ടാണ് അവസരങ്ങള്‍ നഷ്ടമായത്. 2004ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ടീമിനു വേണ്ടി രോഹിത് കളിക്കുന്നത് കണ്ട വെങ്‌സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മുംബൈ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതുവരെ മുംബൈ ടീമിന്റെ സാധ്യതാ പട്ടികയില്‍ പോലും ഇടംപിടിക്കാതിരുന്ന പതിനേഴുകാരന് ഇതൊരു വലിയ അവസരമായിരുന്നു. പക്ഷേ, ടീമിന്റെ പരിശീലനത്തിനെത്താഞ്ഞത് കാരണം കോച്ച് രോഹിതിനെ വേണ്ടെന്നുവെച്ചു. പീന്നീടും അടച്ചക്കലംഘനത്തിന്റെ പേരില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായി. അലസന്‍ എന്ന വിശേഷണവും ലഭിച്ചു.

പക്ഷേ, ബാറ്റു കൈയിലെടുത്താല്‍ രോഹിതിനെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി കളിക്കാന്‍ വീണ്ടും വീണ്ടും അവസരം കിട്ടി. മികച്ച രീതിയില്‍ കളിച്ചു തുടങ്ങി, അലസമായി ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പുറത്താവുന്നത് പതിവായിരുന്നു. 125 ഏകദിനങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ 3743 റണ്‍സാണ് രോഹിത് നേടിയത്. ഇതിലും എത്രയോ അധികം രോഹിത് ഇതിനകം നേടേണ്ടിയിരുന്നുവെന്ന് രോഹിതിനെ അടുത്തറിയുന്നവര്‍ ഉറപ്പിച്ചു പറയും.

2010ല്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോയ ഇന്ത്യന്‍ ടീമില്‍ രോഹിതുണ്ടായിരുന്നു. അന്ന് മല്‍സരത്തലേന്ന് നൈറ്റ് ക്ലബ്ബില്‍ പോയതിന്റെ പേരില്‍ രോഹിതിന് ഏതാനും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം താക്കീത് ലഭിച്ചു. പരിശീലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കോച്ച് ഗാരി കേസ്റ്റണ്‍ പരാതിപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊന്നും രോഹിത് നിഷേധിച്ചിരുന്നില്ലെന്നതാണ് രസകരമായ വസ്തുത. 'ഞാനിങ്ങനെയൊക്കെയാണ് ' എന്നൊരു സമീപനമായിരുന്നു രോഹിതിന്. എന്നാല്‍, ഇപ്പോള്‍ കുറേകൂടി പക്വതയോടും ശ്രദ്ധയോടും കൂടെ കരിയര്‍ പ്ലാന്‍ ചെയ്യുന്നുവെന്നത് ആശ്വാസകരമാണ്. ഈ വര്‍ഷം ആഗസ്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ഒരു തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലായിരുന്നു രോഹിത്.

ഏകദിന ക്രിക്കറ്റില്‍ രോഹിത് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരമായൊരിടമാവും രോഹിതിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് രോഹിത് ടെസ്റ്റില്‍ അരങ്ങേറിയത്. ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടി ടെസ്റ്റ് കരിയറില്‍ ഗംഭീര തുടക്കവും കുറിച്ചു. ഏഴ് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 489 റണ്‍സാണ് ഇപ്പോഴത്തെ സമ്പാദ്യം. വിക്കറ്റിനിരുവശത്തേക്കും ഭംഗിയുള്ള ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ്. സ്പിന്നര്‍മാര്‍ക്കെതിരെ പ്രത്യേക മികവുണ്ട്. ഫീല്‍ഡര്‍മാര്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്താനുള്ള ശേഷിയാണ് ഈ ബാറ്റ്‌സ്മാനെ മാറ്റിനിര്‍ത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴിച്ചിട്ടു പോയ നാലാംസ്ഥാനത്തിന് രോഹിത് അവകാശമുന്നയിച്ചുകഴിഞ്ഞു.

 

Last Updated on Friday, 14 November 2014 11:06

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News രോഹിത് ശര്‍മ :വൈകി ഉദിച്ച താരം