കിരീടത്തിനരികെ കേരളം

sports001റാഞ്ചി: ഫീല്‍ഡിലും ട്രാക്കിലും വിജയകഥകള്‍ രചിച്ച് കേരളം ദേശീയ സ്‌കൂള്‍ കായികമേളയുടെ കിരീടത്തിനരികെ. 22 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമടക്കം 124 പോയന്റുമായാണ് കേരളം കിരീടത്തിലേക്ക് കുതിക്കുന്നത്. മേളയുടെ നാലാംദിനമായ വ്യാഴാഴ്ച ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് കേരളം നേടിയത്.

400 മീറ്റര്‍ ഹര്‍ഡില്‍സിലെയും റിലേയിലെയും സ്വര്‍ണവേട്ടയാണ് വ്യാഴാഴ്ച കേരളത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജമായത്. 46 പോയന്റുമായി തമിഴ്‌നാടും 40 പോയന്റുമായി മഹാരാഷ്ട്രയുമാണ് കേരളത്തിന് പിന്നിലുള്ളത്. ജൂനിയര്‍ പോള്‍വാള്‍ട്ടില്‍ ഉത്തര്‍പ്രദേശിന്റെ ധീരേന്ദ്രകുമാറിന്റെ വകയായിരുന്നു വ്യാഴാഴ്ച പിറന്ന ഏക റെക്കോഡ്. മേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 30 ഫൈനലുകള്‍ നടക്കും.

സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ എം.വി. വര്‍ഷ, സീനിയര്‍ പോള്‍വാള്‍ട്ടില്‍ ചാക്കോ തോമസ്, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യന്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഹഫ്‌സീര്‍, സീനിയര്‍ ഹൈജംപില്‍ മനു ഫ്രാന്‍സിസ്, സീനിയര്‍ ട്രിപ്പിള്‍ ജംപില്‍ വിനിജ വിജയന്‍ എന്നിവരാണ് വ്യാഴാഴ്ച കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 4റ്റ400 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ സ്വര്‍ണവുമായാണ് ഓടിയെത്തിയത്.

5,000 മീറ്റര്‍ ഓട്ടത്തില്‍ എല്‍. സുകന്യ, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. റിതിക,100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓംകാര്‍നാഥ്, ജൂനിയര്‍ ഹാമര്‍ത്രോയില്‍ ഇ. നിഷ എന്നിവരാണ് വെള്ളി നേടിയത്. 5,000 മീറ്റര്‍ ഓട്ടത്തില്‍ ഷെറിന്‍ ജോസ്, ജൂനിയര്‍ ലോങ്ജംപില്‍ ഡിഫ്‌ന ജോസ്, 100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയറില്‍ സി.എസ്. മുംതാസ്, സീനിയറില്‍ സൗമ്യ വര്‍ഗീസ്, ജൂനിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. ഷംനാസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡി. ശ്രീകാന്ത്, സീനിയര്‍ ട്രിപ്പിള്‍ ജംപില്‍ ഇ.ആര്‍. രഞ്ജിക എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്. 800 മീറ്ററിലും 200 മീറ്ററിലും കേരളതാരങ്ങള്‍ ഫൈനലിലുമെത്തിയിട്ടുണ്ട്.

5,000 മീറ്റര്‍ ഓട്ടത്തില്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണവും വെള്ളിയും ആണ്‍കുട്ടികളില്‍ വെങ്കലവും സ്വന്തമാക്കിയാണ് കേരളം വ്യാഴാഴ്ച അക്കൗണ്ട് തുറന്നത്. 18.04.5 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയാണ് പറളിയുടെ എം.വി. വര്‍ഷ 3,000 മീറ്ററിലെ സ്വര്‍ണനഷ്ടത്തിന്റെ വേദന തീര്‍ത്തത്. പറളി തേനൂര്‍ അയര്‍മല മലമ്പള്ള വാസുദേവന്റെയും പ്രേമയുടെയും മകളായ വര്‍ഷ കഴിഞ്ഞതവണ ഇവിടെ 5,000 മീറ്ററില്‍ വെള്ളിയാണ് നേടിയിരുന്നത്. 18.31.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പാലക്കാട് ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.എച്ച്.എസ്.എസ്സിലെ എല്‍. സുകന്യ വെള്ളി നേടിയത്. 15.23.6 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസ്സിലെ ഷെറിന്‍ ജോസ് വെങ്കലം സ്വന്തമാക്കിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ മാര്‍ബേസിലിലെ ഡിഫ്‌ന ജോസ് 5.41 മീറ്റര്‍ ചാടിയാണ് വെങ്കലം നേടിയത്. 5.65 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ പ്രിയദര്‍ശിനിക്കാണ് ഈയിനത്തില്‍ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചാക്കോ തോമസ് 4.35 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണമണിഞ്ഞത്. ഇടുക്കി ബൈസണ്‍വാലി കണിയാലാരിനിരപ്പേല്‍ തോമസിന്റെയും സാന്‍ഡിയുടെയും മകനാണ്.

സീനിയര്‍ ഹൈജംപില്‍ 2.03 മീറ്റര്‍ ചാടിയാണ് തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ മനു ഫ്രാന്‍സിസ് സ്വര്‍ണമണിഞ്ഞത്. ട്രിപ്പിള്‍ജംപില്‍ 12.35 മീറ്റര്‍ ചാടി പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിനിജ വിജയന്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ 12.06 മീറ്റര്‍ ചാടിയാണ് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്സിലെ രഞ്ജുക വെങ്കലം നേടിയത്. ജൂനിയര്‍ ഹാമര്‍ത്രോയില്‍ 35.75 മീറ്റര്‍ എറിഞ്ഞാണ് പറളി സ്‌കൂളിലെ ഇ. നിഷ വെള്ളി നേടിയത്.

 

Last Updated on Friday, 23 January 2015 10:16

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News കിരീടത്തിനരികെ കേരളം