ആയിരം ചിറകുള്ള അനന്തു

ananthuറാഞ്ചി: ആയിരം ചിറകുകള്‍ വിരിച്ച്‌ അനന്തു റെക്കോഡിനു മീതേ പറന്നപ്പോള്‍ അമ്പരന്നുപോയി കോച്ച്‌ നെല്‍സണ്‍. കോച്ചിന്റെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു അനന്തുവിന്റെ പ്രകടനം. അതും തന്നെക്കാള്‍ മുതിര്‍ന്ന താരത്തിനോട്‌ ഇഞ്ചോടിഞ്ചു മത്സരിച്ച്‌.60ാം ദേശീയ സ്‌കൂള്‍ മീറ്റ്‌ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്നലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്‌ പിറ്റില്‍ അരങ്ങേറിയത്‌. ഡല്‍ഹി താരം തേജസ്വിന്‍ ശങ്കറിനു പിന്നില്‍ വെള്ളി കൊണ്ടു തൃപ്‌തിപ്പെട്ടെങ്കിലും റാഞ്ചിയുടെ ഹൃദയം റാഞ്ചിയാണ്‌ അനന്തു മടങ്ങുന്നത്‌.
2.07 മീറ്റര്‍ ഉയരമാണ്‌ അനന്തുവും തേജസ്വിനും താണ്ടിയത്‌. എന്നാല്‍ കുറഞ്ഞ ശ്രമത്തില്‍ സ്വര്‍ണം ഡല്‍ഹിക്കുപോയി. 2011ല്‍ ഹരിയാനയുടെ സിക്കന്ദര്‍ സിങ്‌ പുനെ മീറ്റില്‍ സ്‌ഥാപിച്ച 2.05 എന്ന റെക്കോഡാണ്‌ ഇവരുടെ പ്രകടനത്തില്‍ തകര്‍ന്നത്‌.
1.80 മീറ്റര്‍ വരെ പാസ്‌ പറഞ്ഞ അനന്തുവും തേജസ്വിനും 1.85 മീറ്റര്‍ മുതലാണ്‌ പരസ്‌പരം മത്സരം ആരംഭിച്ചത്‌. 1.94ല്‍ എത്തിയപ്പോള്‍ മത്സരിക്കാന്‍ ഇരുവരും മാത്രമായി. 1.95, 1.97, 2.00 ഉയരങ്ങള്‍ രണ്ടുപേരും ആദ്യ ശ്രമത്തില്‍ കീഴടക്കി. പിന്നീട്‌ ഉയരം 2.03 മീറ്റര്‍. തേജസ്വിന്‍ ആദ്യ ചാട്ടത്തില്‍ തന്നെ ക്രോസ്‌ബാര്‍ മറികടന്നപ്പോള്‍ അനന്തു രണ്ടാം ശ്രമത്തില്‍ ബാര്‍ കടന്നു.
പിന്നീട്‌ റെക്കോഡ്‌ ഉയരമായ 2.05 കീഴടക്കാനായിരുന്നു ശ്രമം. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും ശ്രദ്ധ ജംപിങ്‌ പിറ്റിലെത്തി. രണ്ടുപേര്‍ക്കും ആദ്യ ചാട്ടം പിഴച്ചപ്പോള്‍ രണ്ടാം ശ്രമത്തില്‍ റെക്കോഡിനൊപ്പം. അടുത്ത ഉയരം 2.07. തേജസ്വിന്‍ ആദ്യ ചാട്ടത്തില്‍ റെക്കോഡ്‌ പിന്നിട്ടു. അനന്തു രണ്ടാം ശ്രമത്തിലും. ഇത്‌ ഒന്നാം സ്‌ഥാനം നിര്‍ണയിച്ചു. പിന്നെ 2.09നു ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും മറികടക്കാനായില്ല. അനന്തുവിന്റെ രണ്ടാംശ്രമം ഏറെക്കുറെ വിജയിച്ചതാണ്‌. ശരീരം ക്രോസ്‌ബാര്‍ മറികടന്നെങ്കിലും കാലിന്റെ അരികുതട്ടി ബാര്‍ വീഴുകയായിരുന്നു.
കഴിഞ്ഞകുറി സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ഇതേ വേദിയില്‍ 1.89 മീറ്റര്‍ എന്ന റെക്കോഡിട്ട അനന്തുവിന്റെ നിലവിലെ മികച്ച പ്രകടനം രണ്ടു മീറ്ററായിരുന്നു. ഇക്കഴിഞ്ഞ സംസ്‌ഥാന സ്‌കൂള്‍ മീറ്റില്‍ തിരുവനന്തപുരത്തായിരുന്നു അനന്തുവിന്റെ ഇതു കുറിച്ചത്‌. ഇക്കുറി മത്സരത്തിനിറങ്ങുമ്പോള്‍ പോലും ഇത്തരമൊരു ജംപ്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു അനന്തുവും നെല്‍സണും പിന്നീട്‌ പറഞ്ഞത്‌. 1.95 മീറ്റര്‍ താണ്ടിയിട്ടുള്ള തേജസ്വിന്‍ കടുത്ത വെല്ലുവിളിയാകുമെന്നും ഉറപ്പിച്ചിരുന്നു. തന്നെക്കാള്‍ മികച്ച പ്രകടനമാണ്‌ അനന്തു നടത്തിയതെന്നു തേജസ്വിനും തുറന്നുപറഞ്ഞു.
ഗുരുവായൂര്‍ ശ്രീകൃഷ്‌ണ എച്ച്‌.എസ്‌.എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ അനന്തു. സ്‌കൂള്‍ തലത്തില്‍ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറിയ ശ്രീനിത്ത്‌ മോഹന്റെ അതേ കളരിയില്‍ നിന്നു വരുന്ന അനന്തു ശ്രീനിത്തിന്റെ പാതയിലാണ്‌.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News ആയിരം ചിറകുള്ള അനന്തു