സൗദി: രണ്ടുവര്‍ഷമെത്താതെ സ്‌പോണ്‍സറെ മാറ്റാം

 സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സൗദിയില്‍ വീണ്ടും ഇളവ്. രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം മാത്രം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമെന്ന വ്യവസ്ഥയാണ് എടുത്തുകളയുന്നത്. സൗദിയിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ് വര്‍ധിപ്പിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പുതിയ തീരുമാനം നിതാഖാത് വ്യവസ്ഥയില്‍ നട്ടംതിരിയുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകും. നിലവില്‍ രണ്ടു വര്‍ഷം ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലിചെയ്തതിന് ശേഷമാണ് തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ സാധിക്കുന്നത്. പുതിയ നീക്കത്തിനെതിരെ വ്യവസായ മേഖലയില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും നിയമം നടപ്പാക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പുതിയ നിയമം നിതാഖാത് അനുസരിച്ച് സുരക്ഷിതമായ 'പച്ച' വിഭാഗത്തിലേക്ക് തൊഴില്‍ മാറാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. നിതാഖാത് അനുസരിച്ച് 'പച്ച' വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറുന്നതിനാണ് നേരത്തെ കാലാവധി നിശ്ചയിച്ചിരുന്നത്.

എന്നാല്‍, മറ്റു വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് വര്‍ക് പെര്‍മിറ്റും ഇഖാമയും പുതുക്കല്‍ പ്രയാസകരമായതിനാല്‍ കാലാവധി തീരാതെത്തന്നെ സ്ഥാപനം മാറാന്‍ അനുമതിയുണ്ടായിരുന്നു. 'ചുവപ്പ്' വിഭാഗത്തിലെ ജോലിക്കാര്‍ക്ക് സ്‌പോണ്‍സറുടെ അനുവാദം കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും നിയമം അനുവദിച്ചിരുന്നു. ഇപ്പോള്‍ എല്ലാ വിഭാഗത്തിലും ഇളവ് പ്രഖ്യാപിച്ചതോടെ തൊഴില്‍ മാറ്റം ഏറെ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതായി സൗദിയിലെത്തുന്ന തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് രണ്ടുവര്‍ഷം കാത്തുനില്‍ക്കണമെന്ന നിയമം എടുത്തുകളയുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും സ്വദേശികള്‍ ഇതിനെതിരാണ്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്തുകൊണ്ടുവരുന്ന ജോലിക്കാരില്‍ തൊഴിലുടമയ്ക്ക് നിയന്ത്രണം ഇല്ലാതാകുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം രാജ്യത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും ഇവര്‍ പറയുന്നു.

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ് 2000 റിയാലില്‍നിന്ന് 2300 ആയി വര്‍ധിപ്പിക്കുമെന്ന തീരുമാനമാണ് മന്ത്രാലയം മാറ്റിയിരിക്കുന്നത്. വ്യക്തികള്‍ക്ക് പകരം ഏജന്‍സികളെ വക്കാലത്ത് എല്‍പ്പിക്കാനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ക്കാണ് 300 റിയാല്‍ അധികം വാങ്ങുന്നത്. തൊഴില്‍ മന്ത്രാലയത്തില്‍ നേരിട്ടെത്തി റിക്രൂട്ടിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അധിക ചാര്‍ജ് വേണ്ടിവരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News സൗദി: രണ്ടുവര്‍ഷമെത്താതെ സ്‌പോണ്‍സറെ മാറ്റാം