സഹകരണം എല്ലാ രംഗത്തും

modi bamaഇന്ത്യയും യുഎസും ഏതാണ്ട് എല്ലാ മേഖലകളിലും ശക്തമായ സഹകരണത്തിനും പങ്കാളിത്തത്തിനും ധാരണയിലെത്തി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ആകത്തുക. സിവില്‍ ആണവ സഹകരണത്തിന് ആറു വര്‍ഷം മുന്‍പ് ഒപ്പുവച്ച കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്ന് ഇരുനേതാക്കളും പറയുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏഷ്യാ - പസിഫിക് മേഖലയില്‍ തന്ത്രപരമായി ഒരുമിച്ചു നീങ്ങാനുള്ള രേഖയില്‍ ചൈനയ്ക്കെതിരെ വ്യക്തമായ പരാമര്‍ശമുണ്ടെന്നത് നയതന്ത്രരംഗത്തു ശ്രദ്ധേയമായ വസ്തുതയാണ്.

മൂന്നു സുപ്രധാന രേഖകളാണ് ഒബാമ - മോദി ചര്‍ച്ചയെത്തുടര്‍ന്നു പുറത്തു വന്നിരിക്കുന്നത്. പരസ്പര സഹകരണത്തിനുള്ള രൂപരേഖ, ഏഷ്യാ - പസിഫിക്, ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഒരുമിച്ചു നീങ്ങാനുള്ള തന്ത്രപരമായ ദര്‍ശനരേഖ, ഇന്ത്യ - യുഎസ് സൌഹൃദ പ്രഖ്യാപനം എന്നിവയാണ് ഈ രേഖകള്‍. ഇതോടൊപ്പം 2008ല്‍ തുടങ്ങിയതും ഇടയ്ക്ക് ഉപേക്ഷിച്ചതുമായ ബൈലാറ്ററല്‍ ഇന്‍വെസ്റ്റ്മെന്റ് കരാറിനുള്ള ചര്‍ച്ച വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. യുഎസില്‍ ജോലിനോക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു സഹായകമാവുന്ന കരാറാണിത്.
അഞ്ചു സുപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണത്തിനു തയാറാവുകയാണ്. സാമ്പത്തിക വളര്‍ച്ച, പ്രതിരോധവും ആഭ്യന്തര സുരക്ഷയും, കാലാവസ്ഥാ വ്യതിയാനം, ശുദ്ധമായ ഊര്‍ജം, ആഗോള-പ്രാദേശിക പ്രശ്നങ്ങള്‍ - ഇക്കാര്യങ്ങളില്‍ സഹകരിക്കാനാണു തീരുമാനം. ഇതിനായി 59 പോയിന്റുകള്‍ അടങ്ങിയ രേഖ തയാറാക്കിയത് സമഗ്ര ചര്‍ച്ചകള്‍ക്കുശേഷമാണെന്നു വ്യക്തം.

ഒബാമയുടെ ഈ ഇന്ത്യാസന്ദര്‍ശനത്തെ അതീവജാഗ്രതയോടെ ഉറ്റുനോക്കുന്ന ചൈനയെ പേരെടുത്തു പരാമര്‍ശിക്കുന്നു എന്ന പ്രത്യേകത സംയുക്ത നയതന്ത്ര ദര്‍ശനരേഖയിലുണ്ട്. ആഫ്രിക്കമുതല്‍ കിഴക്കന്‍ ഏഷ്യവരെ ഒരുമിച്ചു നീങ്ങാമെന്നാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും പറയുന്നത്. സൌത്ത് ചൈനാ സമുദ്രത്തിലൂടെ ചരക്കുനീക്കത്തിനു ചൈന പ്രയോഗിക്കുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് ഇതിലുണ്ട്. ഭീഷണിയോ ശക്തിയോ പ്രയോഗിച്ചു സമുദ്രയാത്രാ തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന വ്യാമോഹം വേണ്ടെന്ന് ഈ രേഖ കടുത്ത ഭാഷയില്‍ പറയുന്നുമുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലും രണ്ടു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലും ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും സുപ്രധാനമാണ്. ഇതു തന്ത്രപരമായും നയതന്ത്രപരമായും അടുത്ത സഹകരണം വിളിച്ചോതുന്നു.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നൊരു പ്രഖ്യാപനം ഉണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാവുമെന്നു സംശയമുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും ഗ്രീന്‍ ഹൌസ് എമിഷന്‍ സംബന്ധിച്ചും ഇന്ത്യയുമായി ധാരണയുണ്ടാക്കാന്‍ ഒബാമ ശ്രമിച്ചുവരികയായിരുന്നു. ചൈനയുമായി ഉണ്ടാക്കിയ കരാറിന്റെ കാര്യം ഇതിനിടയില്‍ പരാമര്‍ശിക്കുകയും ചെയ്്തു.

ബൌദ്ധിക സ്വത്തവകാശത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം രേഖയില്‍ പറയുന്നില്ല. ഉന്നതതല വര്‍ക്കിങ് ഗ്രൂപ്പ് ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തുമെന്നേ പറയുന്നുള്ളൂ.   ബറാക് ഒബാമയ്ക്ക് ഇനിയും രണ്ടു വര്‍ഷംകൂടി കാലാവധിയുണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ യുഎസ് കോണ്‍ഗ്രസില്‍ പഴയതുപോലെ ശക്തനല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ മേല്‍ക്കോയ്മ കാരണം ഒബാമയ്ക്കു സ്വതന്ത്ര നയങ്ങള്‍ പാടേ നടപ്പാക്കാനാവുമോ എന്നു സംശയമാണ്. ധാരണകളുടെ അന്തിമവിജയം ഇവയെക്കൂടി ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍, ആത്യന്തികമായി സാമ്പത്തിക - വ്യാപാര മേഖലകളിലെ സഹകരണം രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. ഇന്ത്യ - യുഎസ് വ്യാപാരം ഇപ്പോള്‍ 100 ദശലക്ഷം ഡോളറിന്റേതാണ്. ഇത് അഞ്ചിരട്ടിയാക്കണം എന്നാണ് ഒബാമ താല്‍പ്പര്യപ്പെടുന്നത്. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം എട്ടു മാസം മുമ്പ് അധികാരത്തില്‍ വന്നതുമുതല്‍ തുടരുന്ന വിദേശനയ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ വിജയംതന്നെയാണിത്. മോദിയുടെ ലക്ഷ്യം സാമ്പത്തിക നയതന്ത്രംകൂടിയാണ്.  വിദേശ ഇന്ത്യക്കാരില്‍നിന്നു കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്നൊരു ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. അക്കാര്യത്തില്‍ യുഎസ് സഹകരണം മോദിക്കു കൂടിയേതീരൂ.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News സഹകരണം എല്ലാ രംഗത്തും