ഇനി ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍

കൊച്ചി : ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍. ലൈസന്‍സ്‌ എന്ന സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു. ഫോര്‍ സ്‌റ്റാര്‍, ഹെറിറ്റേജ്‌ ഹോട്ടലുകളെയും ഫൈവ്‌ സ്‌റ്റാറിന്റെ ഗണത്തില്‍ കാണണമെന്ന സിംഗിള്‍ ബെഞ്ച്‌ നിലപാടിനോടു യോജിക്കാനാകില്ലെന്നു വ്യക്‌തമാക്കിയാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.
ടൂ സ്‌റ്റാര്‍, ത്രീ സ്‌റ്റാര്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി തേടി ഉടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി തള്ളി. സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം അതേരൂപത്തില്‍ അംഗീകരിച്ച ഹൈക്കോടതി ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌ റദ്ദ്‌ ചെയ്യുകയായിരുന്നു.

കോടതി ഉത്തരവ്‌ വന്നതോടെ സംസ്‌ഥാനത്തെ 718 ബാറുകളുടെയും പ്രവര്‍ത്തനം നിലച്ചു. 24 ഫൈവ്‌ സ്‌റ്റാര്‍ ബാറുകള്‍ക്കു മാത്രമാണ്‌ ഇനി പ്രവര്‍ത്തനാനുമതി. സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കിയ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും. നിലവില്‍ അംഗീകാരമുള്ള ക്ലബുകളില്‍ മദ്യം ഉപയോഗിക്കുന്നതിനു തടസമില്ല. ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ ബാറുടമകള്‍ ഒരുക്കം തുടങ്ങി.

മദ്യനയം സംബന്ധിച്ച സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരേ സര്‍ക്കാരും ബാര്‍ ഉടമകളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്‌റ്റിസുമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യു പി. ജോസഫ്‌ എന്നിവരുടെ ബെഞ്ചാണു വിധി പറഞ്ഞത്‌. മദ്യനയ രൂപീകരണത്തിനും മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാനും നടപടി ശിപാര്‍ശ ചെയ്‌ത ഏകാംഗ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയതെന്നും മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഘട്ടംഘട്ടമായാണ്‌ നടപടി സ്വീകരിച്ചതെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്ന്‌ സുപ്രീംകോടതി വിധിന്യായം ഉദ്ധരിച്ച്‌ കോടതി പറഞ്ഞു. ബാറുകള്‍ക്കു പകരം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചത്‌ ഉടമകള്‍ സ്വീകരിക്കുകയാണു ചെയ്‌തതെന്നും ജീവനക്കാരെ ഇവിടങ്ങളില്‍ പുനഃരധിവസിപ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷവും ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമാണ്‌ ബാര്‍ എന്നതിനാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം സാധൂകരിക്കുന്നുവെന്നും കോടതി വിലയിരുത്തി.

രാജ്യത്ത്‌ ഉല്‍പാദിപ്പിക്കുന്ന 30 കോടി ലിറ്റര്‍ മദ്യത്തില്‍ 14 ശതമാനം കേരളത്തിലാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ഏകാംഗ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്‌. പുലര്‍ച്ചെ ബാര്‍ തുറക്കുന്നതു നോക്കി ഉപഭോക്‌താക്കള്‍ കാത്തുനില്‍ക്കുന്ന അവസ്‌ഥ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുജനാരോഗ്യത്തിനാണ്‌ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും സാമ്പത്തിക നഷ്‌ടമല്ല മാനദണ്ഡമാക്കേണ്ടതെന്നും കോടതി വിലയിരുത്തി. ടൂറിസം വികസനത്തിന്‌ ബാറുകള്‍ അനിവാര്യമാണെന്ന വാദം ശരിയല്ല. ടൂറിസം പരിപോഷിപ്പിക്കലും പൊതുജനാരോഗ്യവും തമ്മില്‍ സന്തുലിതസ്‌ഥിതി നിലനിര്‍ത്തുകയാണു വേണ്ടത്‌. സര്‍ക്കാരിന്‌ നയം രൂപീകരിക്കാന്‍ അവകാശമുണ്ട്‌. അതു ശരിയോ തെറ്റോ ആകാം. അക്കാര്യത്തില്‍ കോടതി ഇടപെടുന്നില്ല. മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. മദ്യപാനം മൗലികാവകാശമായി കണക്കാക്കാനാവില്ല. ഇഷ്‌ടംപോലെ മദ്യം ലഭ്യമാക്കണമെന്നതു മൗലികാവകാശമല്ല. സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തില്‍ ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിനോദസഞ്ചാരത്തിന്റെ മറവില്‍ കൊക്കെയ്‌ന്‍ വേണമെന്നു നാളെ ആവശ്യപ്പെട്ടാല്‍ എന്തുചെയ്ാന്‍ കഴിയുമെയന്നു കോടതി ചോദിച്ചു. മന്ത്രിസഭ അംഗീകരിക്കുന്നതിനു മുമ്പ്‌ മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചതില്‍ അപാകതയില്ല. കോടതികള്‍ക്കു സ്വന്തമായ തത്വചിന്തയും അഭിപ്രായങ്ങളും ഉണ്ടാകാം. എന്നാല്‍, അവ സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാന്‍ കാരണമാകരുത്‌. സര്‍ക്കാരിന്റെ നയം നീതീകരിക്കത്തക്കതാണ്‌. രാവിലെ മുതല്‍ വൈകിട്ട്‌ വരെ ബാര്‍ ഹോട്ടലുകള്‍ നിരീക്ഷിച്ചതിനുശേഷമാണ്‌ ഏകാംഗ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. പല ബാറുകളും പഴയ ചാരായക്കടകളേക്കാളും മോശമായ നിലയിലാണു പ്രവര്‍ത്തിക്കുന്നതെന്ന്‌ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടം മാത്രമാകരുത്‌ മാനദണ്ഡം. ജനക്ഷേമവും ടൂറിസം വികസനവും സന്തുലിതാവസ്‌ഥയില്‍ നിലനിര്‍ത്തുകയാണു വേണ്ടത്‌. നികുതി വകുപ്പ്‌ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എവിടെയിരുന്നും മദ്യപിക്കാന്‍ പൗരന്‌ അവകാശമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ല. സര്‍ക്കാരിന്റെ സാമ്പത്തികനില തകരുമോയെന്ന കാര്യം പരിഗണിക്കേണ്ടത്‌ ബാറുടമകളല്ല. സാമ്പത്തിക നിലയെക്കുറിച്ച്‌ സര്‍ക്കാരിനു പൂര്‍ണ ബോധ്യമുണ്ട്‌. ഡാന്‍സ്‌ ബാറുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ബാര്‍ കേസില്‍ അവലംബിക്കാനാകില്ലെന്നും ബാറുടമകളുടെ വാദം നിരസിച്ച്‌ കോടതി പറഞ്ഞു. അര്‍ധനഗ്ന നൃത്തം നടത്തുന്നതുപോലെയല്ല മദ്യത്തിന്റെ ഉപഭോഗം. മദ്യം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. മദ്യനിരോധനവും പൊതുജനാരോഗ്യവും സര്‍ക്കാരിന്റെ കടമയാണെന്ന്‌ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ വ്യക്‌തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ 10.15 നാണ്‌ ഡിവിഷന്‍ ബെഞ്ച്‌ തുറന്ന കോടതിയില്‍ വിധി പ്രസ്‌താവന ആരംഭിച്ചത്‌. വിധി പ്രസ്‌താവന പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന്‌ മാധ്യമങ്ങളെ വിലക്കിയിരുന്നു. അഭിഭാഷകരും ബാറുടമകളും തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വൈകിട്ട്‌ 4.45 നാണ്‌ വിധി പ്രഖ്യാപനം പൂര്‍ണമായത്‌.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ഇനി ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍