പൈപ്പിടാന്‍ കരാറുകാരില്ല ഗുരുവായൂര്‍ കുടിവെള്ള പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്

ഗുരുവായൂര്‍: അമ്പതുകോടി രൂപയിലേറെ ചെലവു വരുന്ന ഗുരുവായൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ചേറ്റുവയില്‍നിന്ന് ചാവക്കാട് വരെയുള്ള ഹൈവേ ഭാഗം പൈപ്പിടാന്‍ കരാറുകാരെ കിട്ടാത്തതാണ് പദ്ധതി തടസ്സപ്പെടുത്തിയിട്ടുള്ളത്.കരുവന്നൂര്‍ പുഴയില്‍നിന്ന് ഏങ്ങണ്ടിയൂര്‍ പമ്പുഹൗസ് വരെയുള്ള പൈപ്പ് ലൈന്‍ പണികള്‍ മൂന്നുവര്‍ഷം മുമ്പ് പൂര്‍ത്തിയായിട്ടുള്ളതാണ്. ഇനി ഏങ്ങണ്ടിയൂരില്‍നിന്ന് ചേറ്റുവ പാലം വഴി ചാവക്കാട് ഭാഗത്തേക്കും അവിടെനിന്ന് ഗുരുവായൂരിലേക്കുമാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടത്. ഇതിനായി 2012 ജൂണ്‍മാസത്തില്‍ കൊച്ചിയിലെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയിരുന്നു. റോഡുകള്‍ പൊളിക്കേണ്ടതിന്റെ രൂപരേഖ വാട്ടര്‍ അതോറിറ്റി കരാര്‍ കമ്പനിക്ക് കൈമാറുകയും ചെയ്തതായിരുന്നു. എന്നാല്‍, ഇത്രയും വലിയ നിര്‍മ്മാണ പ്രവൃത്തിക്ക് പൈപ്പുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്നുപറഞ്ഞ് കരാറുകാര്‍ ഇടക്കുവച്ച്‌ ൈകയൊഴിഞ്ഞു.
തുടര്‍ന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യുടെയും വാട്ടര്‍ അതോറിറ്റി ഉന്നതാധികാരികളുടെയും സംയുക്ത നേതൃത്വത്തില്‍ യോഗംചേര്‍ന്ന് പൈപ്പുകള്‍ വാട്ടര്‍ അതോറിറ്റി വാങ്ങി നല്‍കാമെന്ന് തീരുമാനിച്ചു. പക്ഷേ, കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ തയ്യാറായില്ല. വീണ്ടും പലതവണ ടെന്‍ഡര്‍ ക്ഷണിച്ചു. ചേറ്റുവയില്‍ പാലത്തിനടിയിലൂടെ പൈപ്പിടുന്നത് ഭാരിച്ച പണിയാണെന്നതുകൊണ്ടാണ് കരാറുകാര്‍ എത്താത്തത്. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുമ്പും ടെന്‍ഡര്‍ ക്ഷണിക്കുകയുണ്ടായി. അപ്പോഴും ആരും എത്തിയില്ല.
കുടിവെള്ള പദ്ധതിക്കായി ഗുരുവായൂര്‍ നഗരത്തിലെ പൈപ്പിടല്‍ പണികള്‍ പുരോഗമിച്ചു വരുന്നുണ്ട്. എന്നാല്‍, ഗുരുവായൂര്‍ ചേറ്റുവ വരെയുള്ള പണികള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് വാട്ടര്‍ അതോറിറ്റിയെ കുഴയ്ക്കുന്നത്. കുടിവെള്ള പദ്ധതി ഈവര്‍ഷം കമ്മീഷന്‍ ചെയ്യാമെന്നാണ് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. 2012ല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നടക്കാത്തതിനാല്‍ പിന്നീട് 2013ലും 14ലും ആരംഭിക്കാമെന്ന് നിശ്ചയിച്ചു. കരാറുകാരെ കിട്ടാത്തതിനാല്‍ പദ്ധതി ഇനി നടപ്പാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റിക്കും വലിയ നിശ്ചയമൊന്നുമില്ല.
ഗുരുവായൂരിന്റെയും പരിസര പ്രദേശങ്ങളുടെയും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി മുന്നോട്ടുവച്ചിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. ചാലക്കുടി കരുവന്നൂര്‍ പുഴയില്‍നിന്നാണ് വെള്ളമെടുക്കുക.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News പൈപ്പിടാന്‍ കരാറുകാരില്ല ഗുരുവായൂര്‍ കുടിവെള്ള പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്