മിലി ഒരു 'കൊച്ചു' മിടുക്കി

miliരാജ്യം നഷ്ടപ്പെട്ട രാജാവിനും സ്വന്തം കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനും ഒരേ വേദനായാകും അനുഭവപ്പെടുക. വളരെ ലളിതമായ ഇൌ തത്വം അതിലും ലളിതമായി നമുക്ക് പറഞ്ഞു തരുന്ന ഒരു കൊച്ചു നല്ല ചിത്രമാണ് 'മിലി. ഇൌ സിനിമ ഒരു പ്രചോദനമാണ്. സ്വന്തമായി ആരുമില്ലെന്ന് കരുതി സ്വയം നീറി ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്കും മക്കളുടെ ഭാവി മനക്കോട്ട കെട്ടി സ്വപ്നം കണ്ട് ജീവിക്കുന്ന അച്ഛനമ്മമാര്‍ക്കും വേണ്ടിയാണ് മിലി.'മിലിയ്ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? അടുത്തു പരിയചപ്പെട്ടു കഴിഞ്ഞാല്‍ മിലിയെപ്പറ്റി ആദ്യം എല്ലാവര്‍ക്കും തോന്നുന്നത് ഇതായിരിക്കും. ആരോടും അധികം സംസാരിക്കാത്ത അന്തര്‍മുഖിയായ പെണ്‍കുട്ടി. മറ്റുള്ളവരുമായി കൂട്ടുകൂടാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഉള്‍വലിഞ്ഞു ജീവിക്കുന്ന പ്രകൃതം. അവളുടെ പ്രശ്നമെന്തെന്ന് ചോദിക്കാനോ മനസ്സിലാക്കാനോ ആരുമില്ല.

നിങ്ങളിലാരെങ്കിലും ഒരാള്‍ മിലിയെ കണ്ടിട്ടുണ്ടാകും, അല്ലെങ്കില്‍ മിലിയ്ക്കുണ്ടാകുന്ന അനുഭവത്തില്‍ കൂടി കടന്നു പോയിട്ടുണ്ടാകും.ആര്‍ക്കും മിലിയെ ഇഷ്ടമല്ല. ആരുപറഞ്ഞാലും അവള്‍ മാറുകയുമില്ല. എന്നാല്‍ പുതിയ ചുറ്റുപാടുകള്‍ മിലിയെ തേടിയെത്തുന്നതോടെ മിലി മാറുകയാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാനും തീരുമാനങ്ങള്‍ സ്വയം എടുക്കാനും ആ പെണ്‍കുട്ടി പ്രാപ്തയാകുന്നതാണ് മിലിയുടെ പ്രമേയം. 2011 ജനുവരിയിലാണ് ട്രാഫിക് റിലീസാകുന്നത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ജനുവരിയില്‍ മറ്റൊരു ചിത്രവുമായി രാജേഷ് പിള്ള എത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. പക്ഷേ ട്രാഫിക് പോലെ ഒരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന ചിത്രമല്ല മിലി. മറിച്ച് നന്മയുള്ള ഒരു കൊച്ചു ചിത്രം. കുടുംബത്തിനൊപ്പം മനസ്സുനിറഞ്ഞു കാണാവുന്ന ഒരു നല്ല സിനിമ.

ഇൌ സിനിമയ്ക്ക് ജീവന്‍ പകരുന്നത് അതിന്റെ സംഗീതമാണ്. മനോഹരമായ പശ്ചാത്തല സംഗീതവും ഗാനങ്ങളുമൊരുക്കിയ ഗോപീ സുന്ദറിനെയും മണ്‍പാത എന്ന ഗാനമൊരുക്കിയ ഷാന്‍ റഹ്മാനെയും അഭിനന്ദിക്കാതെ വയ്യ. സിനിമയുടെ ഒഴുക്കിന്റെ കൂടെ നീന്തിനടക്കുകയാണ് ഇതിലെ പാട്ടുകള്‍. അനീഷ് ലാലിന്റെ ഛായാഗ്രാഹണം മലിയെ വേറിട്ടുനിര്‍ത്തുന്നു. മിലിയെ സുന്ദരിയാക്കുന്നതില്‍ ക്യാമറയും നിര്‍ണായക പങ്ക് വഹിച്ചു. പ്രശസ്ത ചിത്രസംയോജകനായ മഹേഷ് നാരായണന്റെ ആദ്യ തിരക്കഥയാണ് മിലി. വെറുമൊരു തട്ടുപൊളിപ്പന്‍ കഥയെഴുതാതെ നല്ലൊരു സന്ദേശമുള്‍ക്കൊള്ളുന്ന കഥ ഒരുക്കിയ അദ്ദേഹം അഭിനന്ദനാര്‍ഹന്‍.

അമല പോള്‍ ആണ് സിനിമയിലെ പ്രധാനആകര്‍ഷണം. അമലയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മിലി. മെയ്ക്ക് അപ് ഇല്ലാത്ത അമല കൂടുതല്‍ സുന്ദരിയായെന്നു വേണം പറയാന്‍. നിവിന്‍ പോളിയ്ക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും തന്റെ ഭാഗം അദ്ദേഹം മികച്ചതാക്കി. മിലിയുടെ അച്ഛനായി വേഷമിട്ട സായികുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സനൂഷ, പ്രവീണ, ബേബി നന്ദന അങ്ങനെ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ഒരിടവേളയ്ക്ക് ശേഷം ബിന്ദു പണിക്കരെയും സ്ക്രീനില്‍ കാണാന്‍ സാധിച്ചു.

ആദ്യ പകുതിയില്‍ അല്‍പം ഇഴച്ചില്‍ കാഴ്ചക്കാരന് അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയും എല്ലാത്തിന്റെയും കേട് തീര്‍ക്കുന്ന ക്ളൈമാക്സും ഇൌ സിനിമയെ മനോഹരമാക്കുന്നു. ക്ളൈമാക്സിലെ ഇമോഷണല്‍ ഫീല്‍ സിനിമയിലുടനീളം ഉണ്ടായിരുന്നെങ്കില്‍ മിലി കൂടുതല്‍ ആസ്വാദ്യകരമായേനെ. സ്റ്റേജില്‍ നിങ്ങളുടെ കുട്ടികള്‍ കാണിക്കുന്ന കൊച്ചു തെറ്റുകള്‍ക്ക് കയ്യടിക്കുമ്പോള്‍ ജീവിതത്തില്‍ അവര്‍ കാണിക്കുന്നു കുഞ്ഞു തെറ്റുകള്‍ നിങ്ങള്‍ പൊറുക്കാറുണ്ടോ? സിനിമ മുന്നോട്ട് വയ്ക്കുന്ന ഇൌ ആശയം പക്ഷേ പൂര്‍ണമായി പ്രേക്ഷകരിലേക്കെത്തിയോ എന്നതില്‍ സംശയമുണ്ട്.

ചുരുക്കത്തില്‍ അടിയും ബഹളവുമില്ലാത്ത സംഗീതസാന്ദ്രമായ ഒരു കൊച്ചു സിനിമയാണ് മിലി. കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം കണ്ടിരിക്കാവുന്ന സാധാരണ ഫീല്‍ ഗുഡ് ചിത്രം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News മിലി ഒരു 'കൊച്ചു' മിടുക്കി