പ്രവേശനപരീക്ഷ: 10 മാര്‍ക്ക് എങ്കിലും വേണം

തിരുവനന്തപുരം:എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുകാര്‍ പോലും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയാക്കുന്ന, മിനിമം മാര്‍ക്ക് വ്യവസ്ഥ നീക്കല്‍ തിരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രോസ്പെക്ടസിലെ ഈ വ്യവസ്ഥയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നു ബോധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇൌ തീരുമാനം. പ്രവേശന പരീക്ഷയില്‍ 10 മാര്‍ക്ക് എങ്കിലും നേടാത്തവര്‍ അയോഗ്യരാകുന്ന വ്യവസ്ഥ ഇതോടെ പുന:സ്ഥാപിക്കപ്പെടും. പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ലഭിച്ചാലും പ്ലസ്ടുവിനു നിശ്ചിത ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ എന്‍ജിനീയറിങ്ങിനും എംബിബിഎസ്, ബിഡിഎസ് ഒഴികെ മെഡിക്കല്‍ കോഴ്സുകള്‍ക്കും പ്രവേശനം നേടാമെന്ന അവസ്ഥ ഇതോടെ ഒഴിവായി. മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി മന്ത്രിമാര്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുകയായിരുന്നു.

ഷിബു ബേബിജോണും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണു ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. അക്കാദമിക് നിലവാരം ഉയര്‍ത്താനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെ പൂജ്യം മാര്‍ക്കും നെഗറ്റീവ് മാര്‍ക്കും നേടുന്നവര്‍ റാങ്ക് പട്ടികയില്‍ വരുന്നതു മോശമാണെന്നു മറ്റു മന്ത്രിമാരും വിമര്‍ശിച്ചു. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റുകളെ സഹായിക്കാനാണ് ഇതു ചെയ്തതെന്ന് ആക്ഷേപമുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, തീരുമാനം എടുക്കേണ്ടി വന്ന സാഹചര്യം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വിശദീകരിച്ചു.

സ്വാശ്രയ മാനേജ്മെന്റുകളല്ലാതെ മറ്റാരെങ്കിലും മിനിമം മാര്‍ക്ക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നു ചില മന്ത്രിമാര്‍ ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും ആവശ്യമുണ്ടെന്നായിരുന്നു റബ്ബിന്റെ മറുപടി. ഇൌ തീരുമാനം സിബിഎസ്ഇ സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകും. സംസ്ഥാനത്ത് ആയിരക്കണക്കിന് എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സ്വന്തമായി പരീക്ഷയും പ്രവേശനവും നടത്താന്‍ സുപ്രീം കോടതി സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനും ഇൌ വിട്ടുവീഴ്ച വേണ്ടിവന്നതായി മന്ത്രി വിശദീകരിച്ചു.

ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു തിരുത്താമെന്നു യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിക്കും അതേ നിലപാടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും എതിര്‍ത്തില്ല. ഇത് എങ്ങനെ നടപ്പാക്കണമെന്നു തീരുമാനിക്കാന്‍ ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിനെ യോഗത്തിലേക്കു വിളിപ്പിച്ചു. പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തി, മിനിമം 10 മാര്‍ക്ക് ഉള്ളവരെ മാത്രമേ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്താവൂ എന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാമെന്ന് അദ്ദേഹം അറിയിച്ചതു യോഗം സ്വീകരിച്ചു.

സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്കു പ്ളസ്ടു പരീക്ഷയില്‍ കണക്കിനു 45%, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തില്‍ 45% വീതം മാര്‍ക്ക് മതി എന്നതുള്‍പ്പെടെ പ്രോസ്പെക്ടസിലെ മറ്റു ഭേദഗതികള്‍ പിന്‍വലിച്ചിട്ടില്ല. സര്‍ക്കാര്‍ സീറ്റിലാകട്ടെ പ്രവേശനത്തിനു കണക്കിന് 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്ക് വേണം. ഈ മാര്‍ക്ക് പ്രവേശന പരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ത്തു സമീകരിച്ചായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. നെഗറ്റീവ് മാര്‍ക്ക് വ്യവസ്ഥയും തുടരും.

എംബിബിഎസ് പ്രവേശനത്തിനു ജനറല്‍ വിഭാഗത്തില്‍ പ്രവേശന പരീക്ഷയ്ക്കും പ്ളസ് ടുവിനും 50% മാര്‍ക്ക് വേണമെന്ന നിബന്ധന നിലവിലുണ്ട്. ഇതു മൂലം പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍ക്ക്  ഒഴിവാക്കിയത് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തെ ബാധിച്ചിരുന്നില്ല. അതേസമയം മറ്റു മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഇതു ബാധകമായിരുന്നു. പ്രവേശന മാനദണ്ഡം മുന്‍ വര്‍ഷത്തെപ്പോലെ തുടരാന്‍ തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുതിയ മാറ്റങ്ങളോടു പൊതുവെ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പു വന്നതിനാലാണു കഴിഞ്ഞ വര്‍ഷത്തെ രീതി തുടരാന്‍ തീരുമാനിച്ചത്. വിശദാംശങ്ങള്‍ വിദ്യാഭ്യാസമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News പ്രവേശനപരീക്ഷ: 10 മാര്‍ക്ക് എങ്കിലും വേണം