ഏഴു സ്വരങ്ങള്‍ക്കപ്പുറം യേശുദാസ്

yesudasസംഗീത സമനാമമാണ് സഹൃദയ ഭാരതീയന് ഗാനഗന്ധര്‍വന്‍ യേശുദാസ്. ആ സര്‍ഗസംഗീതത്തിന് ഇന്ന് 2015 ജനവരി 10 ശനിയാഴ്ച 75ാം പിറവി ദിനം. ഇക്കുറി ഗാനസമ്രാട്ട് മുഹമ്മദ് റഫിയുടെ 90ാം ജന്മദിനവും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിറന്നാളും (പിറന്ന നാള്‍ധനുമാസ ഉത്രാടം) കഴിഞ്ഞ ഡിസംബര്‍ 24 ബുധനാഴ്ച ഒന്നിച്ചുവന്നതും സിനിമാസംഗീതശ്രുതിചേരലായി! ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ധ്യാനനിരതനായി മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കുടുംബസമേതം സങ്കല്പം ചെയ്ത്, ഓലകമണ്ഡപമെന്ന സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി, ഹോമവേദിയില്‍ 'ചണ്ഡികാഹോമ'ത്തിന്

 

ചമ്രം പടിഞ്ഞിരിക്കുകയാവും. കാഞ്ഞങ്ങാട് രാമചന്ദ്രനെന്ന കര്‍ണാടക സംഗീതജ്ഞന്റെ നേതൃത്വത്തില്‍ ഒരു പകല്‍ നീളുന്ന 'യേശുദാസ് സംഗീതോത്സവം' പിറന്നാള്‍ സമ്മാനമായി അവിടെ അരങ്ങേറുന്നുണ്ടാവും.

പഞ്ചവേദമാണ് ഈ സ്വരജന്മം! ഗാനഗന്ധര്‍വനെന്ന് മഹാകവി ജി. ശങ്കരക്കുറുപ്പ് ആദ്യമായി വിശേഷിപ്പിച്ച ഗായകനെ
'ഈ ഗായകപുണ്യസ്വര
നിര്‍വൃതിയാലേകമായ് ഭവിച്ചപ്പോള്‍ പലതായ് കാണപ്പെടുമീ പാരിന്‍ സത്തായി ശങ്കരാദൈ്വതം' (സപ്തസ്വരസപ്തതി) എന്ന് മംഗളസ്തുതിയെഴുതി മഹാകവി അക്കിത്തം, യേശുദാസിനെ നിറനിലവിളക്കെടുത്ത് 'ദേവായന'ത്തില്‍ എതിരേറ്റതും (23.09.2009) മലയാള കാമിനി മാധവിക്കുട്ടി, കൈതപ്രത്തിന്റെ ഒരു സംഗീതആല്‍ബം എറണാകുളം 'ഗംഗോത്രി' ഹാളില്‍ വെച്ച് യേശുദാസില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹത്തെ ഒന്ന് തൊടണമെന്നാഗ്രഹിച്ചതും 250 ദാസ് കച്ചേരികള്‍ കേട്ട് ഗായകനെ ഗവേഷണവിഷയമാക്കിയ വൈജ്ഞാനിക സാഹിത്യകാരിയും സംഗീതചികിത്സകയുമായ ഡോ. സുവര്‍ണ നാലപ്പാട്ട്, തന്റെ ഏക മകന്‍ അഭിലാഷിന്റെ കല്യാണത്താലി ദാസേട്ടനെക്കൊണ്ട് ആശീര്‍വദിപ്പിച്ചതും ബംഗളുരു നിവാസിനി ശോഭ തന്റെ പൂജാമുറിയില്‍ യേശുദാസിന്റെ ചിത്രവും വെച്ചു പൂജിക്കുന്നതും പാലാക്കാരന്‍ ജയന്‍ പ്ലാക്കൂട്ടത്തില്‍ (സ്റ്റൗ റിപ്പയറര്‍) ആനവാല്‍മോതിരംപോലെ, രോമാഞ്ചദായകനായ ഗായകന്റെ രോമംകൊണ്ട് 'ഗാനവാല്‍ മോതിരം' കെട്ടിച്ച് കൈയിലിടാന്‍ ആഗ്രഹിക്കുന്നതും യേശുദാസിന്റെ 'ഫോട്ടോ ബയോഗ്രഫി' ചെയ്ത് ലോകത്തിലാദ്യമായി ഒരു ഗായകന്റെ ചിത്രപ്രദര്‍ശനം നടത്തി 'ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സി'ല്‍ ഇടംപിടിച്ച കൊല്ലം സ്വദേശി ലീന്‍ തോബിയാസ് ഇന്നും ക്യാമറക്കണ്ണോടെ കൊതിമൂത്ത് ഈ ഗാനമൂര്‍ത്തിയെ നോക്കിനില്‍ക്കുന്നതും യേശുദാസിന്റെ സോക്‌സ് അമൂല്യനിധിയായി അബുദാബിയിലെ ആശാ തോമസ് കാത്തുസൂക്ഷിക്കുന്നതും ദാസേട്ടന്‍ കേരളത്തിലെത്തിയെന്നുകേട്ടാല്‍ വടക്കന്‍ പറവൂരിലെ ഡോ. സി.എം. രാധാകൃഷ്ണന്‍ തന്റെ 'ശാന്തി ഹോസ്പിറ്റല്‍' വിട്ട് ഓടുന്നതും, കണ്ണൂര്‍ സ്വാമിനാഥന്‍ തന്റെ ശിഷ്ടായുസ്സ് ഈ സംഗീത പുരുഷന് പകര്‍ന്നു നല്കാന്‍ മൂകാംബികാദേവിയോട് അപേക്ഷിക്കുന്നതും പ്രണയിക്കണം, പരിണയിക്കണം, കൂടെപ്പാടണം, കൂട്ടുകൂടണം, ഓട്ടോഗ്രാഫും ഫോട്ടോഗ്രാഫും വേണം എന്നൊക്കെ എത്രയോ ലക്ഷങ്ങള്‍ അഭിലഷിക്കുന്നതും ഓര്‍ക്കുക.

കേവലം ഒരു സിനിമാപ്പാട്ടുകാരനല്ല കാലം നമിക്കുന്ന കര്‍ണാടക സംഗീതജ്ഞന്‍കൂടിയാണ് യേശുദാസ്. ഈ ദക്ഷിണേന്ത്യന്‍ സംഗീതം സാധ്യമായ സാധകന് ഇതര സംഗീതങ്ങളെല്ലാം ഇണങ്ങുമെന്നാണ് ദാസേട്ടന്റെ വായ്ത്താരി. സംഗീതം മാറ്റിനിര്‍ത്തിയാല്‍ ആരാണ്, എന്താണ് ഈ ഗന്ധര്‍വന്‍?

അമേരിക്കയിലെ ആശാരി,
അഭിരാമപുരത്തെയും
സാക്ഷാല്‍ യേശുദേവന്റെ പിതാവ് ജോസഫിനെപ്പോലെ, അഞ്ചുകട്ടപ്പാട്ടുകാരനായ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ ഈ ആദ്യസന്താനവും അസ്സല്‍ ഒരു ആശാരിയാണ്. ചന്തത്തില്‍ ചിന്തേരിട്ട് അമേരിക്കയില്‍ ഡള്ളസിലെ വീട്ടിലുള്ള റിക്കാര്‍ഡിങ് സ്റ്റുഡിയോ സ്വന്തമായി നിര്‍മിച്ചത് യേശുദാസിലെ പെരുംതച്ചനാണ്. മുഴക്കോലും ഉളിയും കൊട്ടുവടിയുമൊക്കെയായി ചെന്നൈ അഭിരാമപുരത്ത് ഇപ്പോള്‍ പണിതീരാത്ത വീട്ടിനകത്തും ഈ 'ദാസാശാരി'യെ കാണാനാകും.

കായികഗായകന്‍

ടെന്നിസിനോട് പാട്ടിനോളം തന്നെ പ്രണയമുണ്ട് 'കായികഗായകന്'. മുന്‍കാല ചലച്ചിത്രസംവിധായകന്‍ പി.എ. തോമസ് അന്നൊരിക്കല്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു 'സെലിബ്രിറ്റി മാച്ചി'ല്‍ വിഖ്യാതനായ വിജയ് അമൃതരാജിനെ കോര്‍ട്ടില്‍ എതിരിട്ടത് ആദ്യ റിക്കാര്‍ഡിങ്ങിന്റെ ആനന്ദാനുഭൂതിയായി അയവിറക്കുന്നു. കൗമാരത്തില്‍ത്തന്നെ കാല്‍പ്പന്തിലും കമ്പംകയറി മൈതാനത്തിറങ്ങിയെങ്കിലും അധികം വൈകാതെ ഈ ഇഷ്ടത്തിന്റെ ബൂട്ടഴിച്ചുവെച്ച് ടെന്നിസ് കളിത്താളം വീണ്ടെടുത്തു. വോളിബോളിലും 'തുക്കടാ' കമ്പമുണ്ട്. അന്ധവിശ്വാസമല്ല, സ്വന്തവിശ്വാസം
ജ്യോതിഷത്തിലും സിദ്ധന്മാരിലും വിശ്വസിക്കുന്നു. അന്ധവിശ്വാസമാണോ എന്നു ചോദിച്ചാല്‍ 'സ്വന്തവിശ്വാസ'മാണെന്നാണ് അദ്ദേഹത്തിന്റെ മറുമൊഴി. നക്ഷത്രജ്യോതി കണ്ടുനടന്നാണ് ആട്ടിടയര്‍ ഉണ്ണിയേശുദര്‍ശനം നേടിയത്. നാളത്തെ കച്ചേരിക്കു മുമ്പുള്ള മൗനദീക്ഷയും ഗൃഹപാഠം ചെയ്യലുംപോലെ ഭാവിയെ പാട്ടിലാക്കാനുള്ള കരുതലുകളും കവടിക്കാരുമൊത്തുള്ള കൂടിയാലോചനകളും നടത്താറുണ്ട്. മിത്രന്‍ നമ്പൂതിരിപ്പാട് മുതല്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി വരെയുള്ള ജ്യോതിഷികളും ചുട്ടകോഴിയെ പറപ്പിക്കുന്ന വടാന്തോടത്ത് നീലകണ്ഠപ്പിള്ളയെപ്പോലുള്ള മന്ത്രവാദികളും പെന്‍ഡുലം സബാസ്റ്റിന്‍ അടക്കമുള്ള അനേകം ത്രികാലജ്ഞരും വെളിപ്പെടുത്തലുകളിലൂടെ വെളിപാടുകളിലൂടെ ഈ അതിശയഗാനത്തെ അത്യതിശയിപ്പിച്ചിട്ടുണ്ടത്രെ.

താളാത്മകമായ കൃത്യനിഷ്ഠ

കര്‍മതാളമായി കൃത്യനിഷ്ഠ പാലിക്കുക ദാസേട്ടന്റെ ചിട്ടയാണ്. മഹാഗായകനെ നമുക്ക് മാതൃകയാക്കാവുന്ന ആദിതാളം. 2009 സപ്തംബര്‍ 23 ബുധനാഴ്ച. ഞങ്ങള്‍ മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂര്‍ വസതിയായ ദേവയാനത്തിലേക്ക് പോകുകയാണ്. അതിനിടയ്ക്ക് വൈകീട്ട് 4.30ന് തൃശ്ശൂര്‍ റീജണല്‍ തിയേറ്ററില്‍ യേശുദാസ് ഉദ്ഘാടകനാകുന്ന 'മെഴ്‌സി രവി അനുസ്മരണവും' ഉണ്ട്. കൃത്യസമയത്ത് പരിപാടിക്കെത്തിയപ്പോള്‍ അവിടെ 'ഖാദിയന്മാ'രുടെ രീതിപോലെ ഒരാള്‍പോലുമെത്തിയിട്ടില്ല! പാടുപെട്ട് പാര്‍ലമെന്റംഗം പി.സി. ചാക്കോയെ വിളിച്ചുവരുത്തി. 5.30ന് ഒരുവിധം ചടങ്ങ് നടത്തിച്ച് 'ഗാന്ധിയന്‍ ഗായകന്‍' സ്ഥലംവിട്ടു. പണ്ട് ഒരു കച്ചേരിക്ക് പാലക്കാട് മണി അയ്യര്‍, മണി തെറ്റിച്ചുവന്നപ്പോള്‍ കൃത്യസമയത്ത് മൃദംഗമില്ലാതെ കച്ചേരിയാരംഭിച്ച ചെമ്പൈയുടെ ഗുരുമുഖത്തുനിന്നാണ് ഈ ശിഷ്യന്‍ സമയനിഷ്ഠയുടെ സരളിവരിശകള്‍ അഭ്യസിച്ചാചരിക്കുന്നത്.

ജനവരി 10ന് കൊല്ലൂരിലും ഫിബ്രവരിയില്‍ പാര്‍ഥസാരഥി ആറാട്ടിന് ചെമ്പൈയിലും മാര്‍ച്ച് 31ന് കൊച്ചി അധികാരിവളപ്പ് കപ്പേളയിലും ഒക്ടോബര്‍ 1ന് തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിലും 2ന് സര്‍ക്കാറിന്റെ ഗാന്ധിജയന്തി പരിപാടിയിലും ഡിസംബര്‍ ജനവരികളില്‍ ചെന്നൈ മാര്‍കഴി സംഗീതോത്സവത്തിലും ഒക്കെ ദാസേട്ടന്റെ വാര്‍ഷിക സംഗീതചര്യകള്‍ കിറുകൃത്യമായി പാലിക്കപ്പെടുന്നത് കാണാം

Last Updated on Sunday, 11 January 2015 10:18

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News ഏഴു സ്വരങ്ങള്‍ക്കപ്പുറം യേശുദാസ്