കൃഷ്ണയ്യരുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ക്ക് നിറവാര്‍ന്ന തുടക്കം

krishna iyer 100കൊച്ചി: വാക്കിന്റെയും കേക്കിന്റെയും മധുരം ആവോളം നിറഞ്ഞ ലളിതസുന്ദരമായ ചടങ്ങില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നൂറാം പിറന്നാള്‍ ആഘോഷമായി. അദ്ദേഹത്തിന്റെ വസതിയായ 'സദ്ഗമയ'യുടെ ഇത്തിരിമുറ്റത്ത് പിറന്നാള്‍ മംഗളങ്ങള്‍ നേരാന്‍ പുലര്‍ച്ചെ മുതല്‍ തിരക്കായിരുന്നു. പ്രായത്തിന്റെ അവശതകള്‍ മറന്ന് കൃഷ്ണയ്യര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. കാലത്ത് അടുത്ത സുഹൃത്ത് പ്രൊഫ. എം.കെ. സാനുവിന്റെ നേതൃത്വത്തില്‍ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിവെച്ചു. തുടര്‍ന്ന് ശിവക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഔപചാരിക ചടങ്ങുകള്‍. നീതിദേവതയുടെ നിത്യോപാസകന്‍ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ദിനത്തില്‍ ആശംസകളര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരെത്തി. ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ (ഐ.ഐ.ഡി.ഐ.) സംഘടിപ്പിച്ച മാനവിക സൗഹൃദ ജന്മദിന ചടങ്ങ് ശങ്കരാചാര്യ ഓംകാര സരസ്വതി ഉദ്ഘാടനം ചെയ്തു.

ഐ.ഐ.ഡി.ഐ. പ്രസിഡന്റ് എം.ഡി. നാലപ്പാട്ട് അദ്ധ്യക്ഷനായി. മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി ഷാളണിയിച്ചു. ഭാര്യ പ്രഭയ്‌ക്കൊപ്പമെത്തിയ കെ.ജെ. യേശുദാസ് ശ്ലോകമാലപിച്ച് ആശംസകളര്‍പ്പിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ, ഒ. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എന്‍.എം. ഷറഫുദ്ദീന്‍ സ്വാഗതവും വി.കെ. അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

കൃഷ്ണയ്യരുടെ ജന്മദിന സ്മരണയ്ക്കായി പത്തനംതിട്ട സ്വദേശി ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും നടന്നു. ജന്മശതാബ്ദി സ്മരണയ്ക്കായി ആലുവ അന്ധവിദ്യാലയത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കിണങ്ങും വിധം നിര്‍മിച്ച പാര്‍ക്ക് 15 ന് ഉദ്ഘാടനം ചെയ്യും.

സെറിബ്രല്‍ പാള്‍സി പോലുള്ള രോഗം ബാധിച്ചവര്‍ക്കായി പെരുമ്പാവൂര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന ശാരദ കൃഷ്ണയ്യര്‍ സംഗീത വിദ്യാലയത്തിന്റെ ഉദ്ഘാടനവും കൃഷ്ണയ്യര്‍ നിര്‍വഹിച്ചു.

കൊച്ചി മേയര്‍ ടോണി ചമ്മണിയും കൗണ്‍സില്‍ അംഗങ്ങളും കേക്കുമായി 'സദ്ഗമയ'യിലെത്തി. കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും അവയവദാന സമ്മതപത്രം കൃഷ്ണയ്യര്‍ക്ക് കൈമാറി.

തുലാമാസത്തിലെ പൂയം നാളിലാണ് കൃഷ്ണയ്യരുടെ പിറന്നാള്‍. തീയതി കണക്കനുസരിച്ച് 15നാണ് നൂറാം ജന്മദിനം.
വെള്ളിയാഴ്ച കൊച്ചി സര്‍വകലാശാലയിലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് നൂറാം ജന്മദിന പ്രഭാഷണ പരിപാടി നടത്തും. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അദ്ധ്യക്ഷയാകും.

വെള്ളിയാഴ്ച സന്ധ്യക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നൂറ് ദീപങ്ങള്‍ കത്തിച്ചുവെച്ച് പൗരാവലി കൃഷ്ണയ്യര്‍ക്ക് ആദരവര്‍പ്പിക്കും. തുടര്‍ന്ന് 16 ന് നൂറിന്റെ നിറവ് ആഘോഷം നടക്കും. കാലത്ത് 10.30 ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ വൈകീട്ട് നടക്കുന്ന ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 50 പേര്‍ ചേര്‍ന്നുള്ള മേളവും അരങ്ങേറും. കുടുംബാംഗങ്ങളുടെ ആഘോഷം 15നാണ്. മക്കളായ രമേശും പരമേശും ഇതില്‍ സംബന്ധിക്കും.

ആശംസകള്‍ നേര്‍ന്ന് മോദിയും മോഹന്‍ ഭാഗവതും; കലാം നേരിട്ടെത്തി

 

 

------------------------------------------------------------------------------------

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖര്‍ കൃഷ്ണയ്യര്‍ക്ക് ആശംസ നേരാനെത്തി. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, മന്ത്രി വി.എസ്. ശിവകുമാര്‍, മമ്മൂട്ടി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേരിട്ടെത്തി ആശംസ നേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസാ സന്ദേശമയച്ചു. ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ഫോണില്‍ ആശംസ നേര്‍ന്നു. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, എ.കെ. ആന്റണി തുടങ്ങിയവരും ആശംസ നേര്‍ന്നു.

Last Updated on Friday, 14 November 2014 15:42

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News കൃഷ്ണയ്യരുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ക്ക് നിറവാര്‍ന്ന തുടക്കം