പോള്‍വാള്‍ട്ട് ഒന്നാംസ്ഥാനക്കാരന് പരിക്ക്‌

ഗുരുവായൂര്‍: ജില്ലാ സ്‌കൂള്‍ കായികമേളയുടെ തുടക്കം പരാധീനതകളോടെ. ബുധനാഴ്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടന്ന പോള്‍വാള്‍ട്ട് മത്സരത്തില്‍ ലാന്‍ഡിങ് മാറ്റിന് പകരം ഉപയോഗിച്ചത് സ്‌പോഞ്ച് ചാക്കുകള്‍. ചാക്കുകള്‍ അടുക്കിക്കെട്ടിയുണ്ടാക്കിയ മാറ്റിനിടയില്‍പ്പെട്ട് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ വലപ്പാട് ഉപജില്ലയിലെ വി.എസ്. ആദര്‍ശിന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഒട്ടും സുരക്ഷിതമല്ലാത്ത രീതിയില്‍ മാറ്റ് തയ്യാറാക്കി പോള്‍വാള്‍ട്ട് മത്സരം നടത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കി. കുന്നംകുളം സീനിയര്‍ മൈതാനത്ത് വ്യാഴാഴ്ച മുതല്‍ ട്രാക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഗുരുവായൂരില്‍ പോള്‍വാള്‍ട്ട് മത്സരം നടന്നത്. കുന്നംകുളത്ത് ജമ്പിങ് മാറ്റും സൗകര്യങ്ങളുമില്ലാത്തതിനാല്‍ ഗുരുവായൂരിലേയ്ക്ക് മാറ്റിയ മത്സരം മത്സരാര്‍ഥികള്‍ക്ക് കഠിനമായി.

സുവിത സംഗമവും സമാദരണ സമ്മേളനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്‍ സുവിത സംഗമവും സമാദരണ സമ്മേളനവും നടത്തി. കലാമണ്ഡലത്തിന്റെ തുള്ളല്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച മണലൂര്‍ ഗോപിനാഥിനെ ആദരിച്ചു. സുവിതം പ്രസിഡന്റ് എം. രാമന്‍കുട്ടി മേനോന്‍ പൊന്നാടയും ഉപഹാരവും നല്‍കി. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭ ഹരിനാരായണന്‍ , ശ്രീദേവി ബാലന്‍, സി. അനില്‍കുമാര്‍ എന്നിവരെ അനുമോദിച്ചു. കെ.പി. കരുണാകരന്‍ , കെ.എസ്. ഭരതന്‍ , ബാലന്‍ വാറണാട്ട് , കെ.വി. രാമകൃഷ്ണന്‍, പി.കെ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

നാരായണീയം അക്ഷരശ്ലോകമത്സരം

ഗുരുവായൂര്‍: കേരള അക്ഷരശ്ലോക ഫെഡറേഷനും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയും ചേര്‍ന്ന് അക്ഷരശ്ലോകമത്സരം നടത്തി. 18 പേര്‍ പങ്കെടുത്തു. തങ്കം ഗോപാലകൃഷ്ണന്‍ ഒന്നാം സമ്മാനം നേടി. കേശവന്‍ നമ്പൂതിരി, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.

ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ത്രയോദശി ഊട്ടിന് ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ഏകാദശി ചടങ്ങുകള്‍ സമാപിച്ചു. ഗുരുവായൂരപ്പന്‍, തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് ത്രയോദശി ഊട്ടിന്റെ സങ്കല്പം. പരദേശ സമ്പ്രദായത്തിലുള്ള വിഭവങ്ങളുടെ സദ്യയായിരുന്നു ഇതിന്റെ പ്രത്യേകത. മത്തന്‍ പൊടിത്തൂവല്‍, എളവന്‍-ചേന-പയര്‍ കൂട്ടുകറി, രസം, പായസം എന്നിവയോടെ രാവിലെയായിരുന്നു സദ്യ. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുടെ അവസാന ചടങ്ങായ ശ്രീഭൂതബലി ചൊവ്വാഴ്ച രാത്രി നടന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്കെല്ലാം ബലിതൂവുന്ന ചടങ്ങ് ക്ഷേത്രം ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. നാല് പ്രദക്ഷിണം നടന്ന ശ്രീഭൂതബലിയ്ക്ക് കൊമ്പന്‍ ചെന്താമരാക്ഷന്‍ ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പ് ശിരസ്സിലേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ഗോവിന്ദന്‍ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.

കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ ദേശവിളക്ക്

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ശനിയാഴ്ച നടക്കും. വൈകിട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ചാട്ടുകുളം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. പഞ്ചവാദ്യം , ഗജവീരന്‍മാര്‍ , കാവടിയാട്ടം , നാദസ്വരം എന്നിവയുണ്ടാകും. ചിറമനേങ്ങാട് വാസുണ്ണിയാണ് വിളക്കുചടങ്ങുകള്‍ നയിക്കുക

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: Home